Travel

സൗരാഷ്ട്രയിലൂടെ ഒരു യാത്ര; അഹമ്മദാബാദ്

ജ്യോതിർമയി ശങ്കരൻ 

അദ്ധ്യായം-3

സർദാർ വല്ലഭായ് പട്ടേൽ മെമ്മോറിയൽ മ്യൂസിയം, അഹമ്മദാബാദ്

അഹമ്മദ് നഗർ സ്റ്റേഷനിലാണിറങ്ങിയതെങ്കിലും അതിനു തൊട്ടുമുൻപുള്ള റെയിൽവേ സ്റ്റേഷനായ മണിനഗറിലായിരുന്നു ഞങ്ങളുടെ ഹോട്ടലുകൾ. സേഠ് മനേക് ലാൽ മണിലാൽ സംഭാവന ചെയ്ത സ്ഥലത്തു നിർമ്മിയ്ക്കപ്പെട്ട ആദ്യകാല നഗരമായ മണിപ്പൂർ  അഹമ്മദാബാദിലെ പ്രമുഖമായ നഗരമായ മണി നഗറായി പിന്നീട് രൂപാന്തരപ്പെട്ടു. ഇപ്പോൾ പ്രസിദ്ധമായ കങ്കാരിയാ തടാകവും അവിടത്തെ തീം ബേസ്ഡ് മ്യൂസിക്കൽ ഫൌണ്ടനുള്ള നഗീനാവാഡിയും സന്ദർശകരെ ഇങ്ങോട്ടാകർഷിയ്ക്കുന്നു. അവയും ഞങ്ങളുടെ സന്ദർശന സ്ഥലങ്ങളിൽ ഉൾപ്പെടുന്നുവെന്നറിഞ്ഞിരുന്നു. കങ്കാറിയാ തടാകത്തിന്റെ വിവരണം തീവണ്ടിയിലെ സുഹൃത്തുക്കളിൽ നിന്നും കേൾക്കാനിടയായപ്പോൾ കാണാൻ ശരിയ്ക്കും തിടുക്കമായി

അഹമ്മദാബാദ് നഗരക്കാഴ്ച്ചകൾക്കായി ബസ്സിൽ കയറിയിരിയ്ക്കുമ്പോൾ മനസ്സിൽ നിറയെ വർണ്ണചിത്രങ്ങൾ നിറഞ്ഞിരുന്നെങ്കിലും ബസ്സ് മുന്നോട്ടു നീങ്ങിത്തുടങ്ങിയപ്പോൾ അതു മങ്ങിത്തുടങ്ങിയതായി മനസ്സിലാക്കാനായി. യാഥാർത്ഥ്യത്തിന്റെ ശരിയായ നിറം അപ്പോഴാണ് മനസ്സിലാക്കാനായത്. പുതുമയുടെ നിറത്തിൽക്കുളിച്ച ഒരു നഗരിയെ പ്രതീക്ഷിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു കാഴ്ച്ചയാണു കിട്ടിയത്.. പാതയോരങ്ങൾ വൃത്തികുറഞ്ഞവയും പൊടി മൂടിയതുമായി കാണപ്പെട്ടു.കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം പടുത്തുയർത്തിയ അംബരചുംബികൾ എവിടെയുമില്ല. നഗരിയുടെ പ്രതാപം വിളിച്ചറിയ്ക്കുന്ന മോടിയും ധാടിയും തീർത്തും അപ്രത്യക്ഷം തന്നെയെന്നു പറയാം. രാജ്യത്തെ ജനസാന്ദ്രത കൂടുതലുള്ള നഗരങ്ങളിൽ ഒന്നാണല്ലോ അഹമ്മദാബാദ് എന്നാണല്ലോ മനസ്സിലാക്കിയിരുന്നത്.  അതിനാൽ വളരെ തിരക്കുള്ള ഒരു നഗരമെന്ന തോന്നലായിരുന്നു മനസ്സിൽ.പക്ഷേ സങ്കൽ‌പ്പത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു നഗരമാണു കാണാൻ കഴിഞ്ഞതെന്നു മാത്രം.

ഉച്ചവരെ വിശ്രമമെന്ന ഒറിജിനൽ പ്ളാനിൽ നിന്നും മാറി രാവിലെ നഗരത്തിലെ സർദാർ വല്ലഭായ് പട്ടേൽ മെമ്മോറിയൽ മ്യൂസിയം കാണാനാണ് വിവേകാനന്ദയുടെ ബസ്സിൽ കയറിയത്. വൈകീട്ട് അക്ഷർ ധാമും കങ്കാറിയാ തടാകവും എന്നാലേ കാണാൻ സമയം കിട്ടൂ എന്നറിയാനായി. രണ്ടു ബസ്സുകളിൽ ഒന്നിൽ 41 പേരടങ്ങുന്ന എറണാകുളത്തെ ചിന്മയാമിഷൻ ഗ്രൂപ്പും മറ്റേതിൽ ഞങ്ങൾ 36 പേരുമായി ആകെ 77 പേരും രണ്ടു ഗൈഡുകളും. ഞങ്ങൾ തിരിച്ചെത്തുമ്പോഴേയ്ക്കും പാചകക്കാർ മൂന്നുപേരും ഉച്ചഭക്ഷണം തയ്യറാക്കി വയ്ക്കുമെന്നു പറഞ്ഞിരുന്നു. ഏ സിയുടെ ശക്തി കാരണമായിരിയ്ക്കാം, അതോ ആവേശാധിക്യമോ ആവോ, പുറത്തെ കത്തുന്ന ചൂടിനെക്കുറിച്ചാരും തന്നെ ആവലാതി പറഞ്ഞില്ല. പിന്നേയും ഒരു ദിവസം കഴിഞ്ഞപ്പോഴാണല്ലോ അന്നത്തെ ചൂട് 48 ഡിഗ്രി ആയിരുന്നെന്ന സത്യം മനസ്സിലാക്കാനായത്. ഇവിടെ മാത്രമല്ല, രാജ്യമൊന്നാകെ ഉഷ്ണാധിക്യത്താൽ വലയുകയാണല്ലോ. രാജസ്ഥാന്റെ സാമീപ്യവും പൊതുവെ കുറഞ്ഞ വൃക്ഷലതാദികളും ചൂടിനു കാഠിന്യം കൂട്ടുന്നുണ്ടാകാം. എന്തായാലും  ഷാഹി ബാഗിൽ സ്ഥിതി ചെയ്യുന്ന മോത്തി ഷാഹി മഹൽ എന്ന  കൊട്ടാരത്തിലെ സർദാർ വല്ലഭായ് പട്ടേൽ മ്യൂസിയത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. ചുറ്റും പൂന്തോട്ടങ്ങളുള്ള ഈ കൊട്ടാരം 1618നും 1622നും  ഇടയിലായി മുഗൾ സാമ്രാട്ട് ഷാജഹാൻ പണിതീർത്തതാണത്രേ! അതിനുള്ള കാരണം കേട്ടപ്പോൾ ഷാജഹാനോട് ഒരിത്തിരി ബഹുമാനം തോന്നാതിരുന്നില്ല. പ്രാദേശികരായ പ്രജകൾക്ക് വരുമനാമുണ്ടാകുന്നതിനു മാത്രം വേണ്ടിയുള്ള ഒരു പദ്ധതിയായിരുന്നത്രേ ഈ കൊട്ടാര നിർമ്മിതി. ഭരണാധികാരികളുടെ താമസസ്ഥലമായിരുന്ന ഈ കൊട്ടാരം 1980 ൽ മാത്രമാണ് അതുല്യനായ സംഘാടകനും കഴിവുള്ള ഭരണകർത്താവും ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന പേരിൽ പ്രസിദ്ധനുമായ സർദാർ പട്ടേലിന്റെ സ്മാരകാർത്ഥമുള്ള മ്യൂസിയമായി മാറിയത്.

“ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍”എന്ന പേര്‍ ഇദ്ദേഹത്തിനുണ്ടെന്ന് സ്കൂളില്‍ പഠിയ്ക്കുന്ന സമയത്ത്       അറിഞ്ഞിരുന്നെങ്കിലും രാജ്യത്തിന്റെ നന്മയക്കായി അദ്ദേഹമെടുത്ത കര്‍ക്കശമായ പല തീരുമാനങ്ങളുമാണതിനു പിന്നിലെന്നേ മനസ്സിലാക്കിയിരുന്നുള്ളൂ.  ശരീരത്തിന്റെ കായികബലവും അതിനു കാരണമായെന്നും മനസ്സിലാക്കിയിരുന്നു.. പക്ഷെ വളരെ ചെറുപ്പത്തില്‍ തന്നെ ബാലനായ വല്ലഭായ് തന്റെ മനശ്ശക്തിയെ പ്രകടിപ്പിച്ച കഥകള്‍ പലതും  പിന്നീട് വായിയ്ക്കാനിടയായി.ഒരിക്കല്‍ കക്ഷത്തില്‍ വന്ന കുരു സുഖപ്പെടുത്താന്‍ നാട്ടുവൈദ്യനെ സമീപിയ്ക്കേണ്ടി വന്നു ഇദ്ദേഹത്തിന്.. വൈദ്യശാസ്ത്രം അത്രയൊന്നും വികസിതമല്ലാ‍തിരുന്ന അക്കാലത്ത് അസുഖം വന്നാല്‍ എന്തിനും ഏതിനും നാട്ടുവൈദ്യന്മാര്‍ തന്നെയായിരുന്നു ശരണം എന്നോര്‍ക്കണം. മുറിവും പഴുപ്പും സെപ്റ്റിക് ആകാതിരിയ്ക്കാ‍ാന്‍ ഇരുമ്പു പഴുപ്പിച്ച് വെയ്ക്കുന്ന രീതിയായിരുന്നു അന്ന് പതിവ്. കുട്ടിയായിരുന്നിട്ടും പഴുപ്പിച്ച ഇരുമ്പ് ചൂടാറാതെ വേഗം തന്റെ കുരുവിന്റെ പഴുപ്പില്‍ വയ്ക്കാന്‍ പറയുക മാത്രമല്ല, അത് സ്വയം ചെയ്യാനും ഈ ബാലന്‍ തയ്യാറായപ്പോള്‍ നാട്ടുകാര്‍ ഒന്നടങ്കം അവന്റെ ധൈര്യത്തില്‍ വിസ്മയം പൂണ്ടു. പഠനവിഷയത്തിലായാലുംകുട്ടിക്കാലത്തു തന്നെ  ഇദ്ദേഹത്തിന്റെ മികവും നിശ്ചയദാര്‍ഢ്യവും എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. മാസത്തില്‍ രണ്ടു ദിവസമെങ്കിലും പരിപൂര്‍ണ്ണമായും നിരാഹരമെടുക്കുന്നതിലും കണിശം പുലര്‍ത്തിയിരുന്നു ഇദ്ദേഹം.. മനോധൈര്യവും നിശ്ചയദാര്‍ഢ്യവും കുട്ടിക്കാലം മുതലേ പുലര്‍ത്തിയിരുന്നതിനാല്‍ പില്‍ക്കാലത്ത് രാ‍ജ്യത്തിന്റെ സേവനാര്‍ത്ഥവും അവ പിന്തുടര്‍ന്നപ്പോള്‍ നാടിന്റെ ഉരുക്ക് മനുഷ്യന് രാജ്യത്തിന്റെ മുഴുവനും ഉരുക്കുമനുഷ്യനായി മാറാന്‍ സാധിച്ചെന്നു മാത്രം. സര്‍ദാര്‍ എന്ന ഓമനപ്പേര്‍ കര്‍ഷകരെ ഒന്നിച്ചു നിര്‍ത്തി കാര്‍ഷികനികുതിയ്ക്കെതിരെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചപ്പോള്‍ സ്നേഹപുരസ്സരം സമ്മാനിയ്ക്കപ്പെട്ട ഒന്നു മാത്രം.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി പട്ടേല്‍ ആയിരുന്നെങ്കില്‍ എന്ന ഒരു ചോദ്യം എന്നും ഇന്ത്യയിലുടനീളം മുഴങ്ങിയിരുന്ന ഒന്നു തന്നെയായിരുന്നു.പല നാട്ടുരാജ്യങ്ങളേയും ഒരു കുടക്കീഴില്‍ ഒന്നിച്ചു നിര്‍ത്തി ഒരു വലിയ രാഷ്ട്രം പടുത്തുയര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന്റെ പങ്ക് ചെറുതായിരുന്നില്ല. ഇന്ത്യയുടെ ബിസ്മാര്‍ക്കെന്നും ചിലര്‍ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു.

ഗേറ്റ് കടന്ന് ഉള്ളിലെത്തി ടിക്കറ്റെടുത്തശേഷം ടാജ്മഹൽ നിർമ്മിയ്ക്കാൻ ഷാജഹാനു പ്രേരണയായെന്നു പറയപ്പെടുന്ന ഈ കൊട്ടാരത്തിന്റെ താഴത്തെ ഹാളിനുള്ളിലെത്തി. മുഗൾ ആർക്കിട്ടെക്ച്വറൽ ശൈലിയിലാണീ കൊട്ടാരംനിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.  ഉള്ളിൽ നല്ല തണുപ്പനുഭവപ്പെട്ടു. വിശാലമായ ഹാളിലും അതിനോടനുബന്ധിച്ചുള്ള നാലു മുറികളിലുമായി സന്ദർശകർക്കായി ഒരുക്കിയകാഴ്ച്ചവിരുന്ന് ശരിയ്ക്കും ഹൃദ്യം തന്നെ. സർദാർ പട്ടേലിന്റെജനനം മുതൽ ജീവിതത്തിലെ പ്രധാനസംഭവങ്ങളും അദ്ദേഹത്തിന്റെ മൊഴികളും അദ്ദേഹത്തെക്കുറിച്ചുള്ള ഉന്നതരുടെ കാഴ്ച്ചപ്പാടും  ക്രമമനുസരിച്ച് പ്രദർശിപ്പിച്ചിരിയ്ക്കുന്നു.ഒരു അഭിഭാഷകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെസംഭാവനകളും   രാഷ്ട്രീയ ജീവിതത്തിലെ അദ്ദേഹത്തിന്റെ ശക്തമായ അഭിപ്രായങ്ങളും  പേപ്പർ കട്ടിംഗുകളിലൂടെ നമുക്കിവിടെ വായിയ്ക്കാനാകും. നർമ്മദാ നദിയിൽ അണ കെട്ടി വൈദ്യുതോർജ്ജം ഉൽ‌പ്പാദിപ്പിയ്ക്കുന്നതിനും കൃഷിയ്ക്കാവശ്യമായ ജലസേചന ലഭ്യത ഉറപ്പു വരുത്തുന്നതിനും  വേണ്ടി പ്ലാൻ ചെയ്ത സർദാർ സരോവർ പ്രോജക്റ്റിനെക്കുറിച്ചുള്ള വിശദമായ രൂപരേഖകളും ചിത്രങ്ങളും വരകളും കണക്കുകളും പ്രവർത്തനരീതികളുമെല്ലാം വിശദമായി ഒരു ഭാഗത്തായി പ്രദർശിപ്പിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും ഗുജറാത്തിയിലുമായി ഒട്ടേറെ വിവരങ്ങൾ സന്ദർശകർക്കിവിടെ  നിന്നും ഗ്രഹിയ്ക്കാനാകും. സർദാർ പട്ടേലിന്റെജനനം മുതല്‍ അദ്ദേഹത്തിന്റെ സാമൂഹികവും രാഷ്റ്ട്രീയവും ആയ ചിന്താഗതികളും  ജീവിതവും മനസ്സിലാക്കാന്‍ ഇവിടെ വന്നാല്‍ മതി.     മറ്റൊരു  മുറിയിലായി  കാണപ്പെട്ട  അദ്ദേഹത്തിന്റെ പേർസണലായ  വസ്തുക്കളിൽ അദ്ദേഹമുപയോഗിച്ചിരുന്നതായ കോട്ട്, ഷൂ, കുർത്ത, ചെരിപ്പ്,എന്നിങ്ങനെ പലതും പ്രദർശിപ്പിച്ചിരിയ്ക്കുന്നു.  മഹാത്മജിയൊത്തുളള നിമിഷങ്ങളെ എടുത്തു കാട്ടുന്ന ഒട്ടനവധി ചിത്രങ്ങൾ പലയിടത്തും കാണാനായി.ഗാന്ധിയുടെ ചിത്രങ്ങളും രൂപരേഖകളും വചനങ്ങളും പ്രവൃത്തികളെക്കുറിച്ചുള്ള വിവരണങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള  പുസ്തകങ്ങളും ധാരാളം.1950ല്‍ ആദ്യമായി രൂപീകരിയ്ക്കപ്പെട്ട മന്ത്രിസഭയുടെ ഫോട്ടോ കണ്ടപ്പോൾ ഒരു നിമിഷം നിന്ന് അതിലെ എല്ലാ മന്ത്രിമാരുടെയും പേരുകൾ ഒന്നു വായിയ്ക്കാതിരിയ്ക്കാനായില്ല. സർദാർ പട്ടേലിനു ലഭിച്ച പലതരം സാധനസാമഗ്രികളും ഈ മ്യൂസിയത്തിൽ സൂക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഇവയിൽ  വെള്ളിയിൽ നിർമ്മിതമായ പലതരം വസ്തുക്കളും കരകൌശലവസ്തുക്കളും പെടുന്നു. ഇവിടം സന്ദര്‍ശിച്ചെന്നരിഞ്ഞപ്പോല്‍ എന്റെ ഒരു ഗുജറാത്തി സുഹൃത്ത് പറഞ്ഞു:

“അവിടെ ഗുജറാത്തിലെ ഒരു സംസ്ഥാനം ഭരിച്ചിരുന്ന സര്‍ദാര്‍ പട്ടേലിന്റെ സുഹൃത്തായിരുന്ന എന്റെ മുത്തശ്സനെക്കുറിച്ചുള്ള ഒരു സെക്ഷന്‍ ഈ മ്യൂസിയത്തില്‍ ഉണ്ട്. ഞങ്ങളുടെ കുടുംബം മ്യൂസിയത്തിലേയ്ക്കായി വെള്ളി സാമഗ്രികളടക്കം ഒട്ടേറെ സാധനങ്ങള്‍ സംഭാവന ചെയ്തിട്ടുണ്ട്.“

അതെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചെന്തും തന്നെയറിയാന്‍ ഇവിടെ വന്നാലാകും എന്നു തോന്നാതിരുന്നില്ല..ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണമായ ത്രീ ഡി ലേസര്‍ ഷോ സമയക്കുറവിനാല്‍ ഞങ്ങള്‍ക്ക് നഷ്ടമായതില്‍ ഏറെ വിഷമം തോന്നി. കാലത്തിനെ പുറകോട്ടു നടത്തും വിധമുള്ള ഇവിടത്തെ കഥാഖ്യാനരീതിയെക്കുറിച്ച് കേട്ടിട്ടുണ്ട്. വേദകാലത്തെ ഭാരതത്തില്‍ നിന്നും തുടങ്ങി മുഗള്‍ സാമ്രാജ്യാധിപത്യവും പിന്നീട് ബ്രിട്ടീഷ് ഭരണാധിപത്യവും ഇവിടെ വരുത്തിയ മാറ്റങ്ങളും അവസാനം സ്വാതന്ത്ര്യ ലബ്ധിയ്ക്കായുള്ള അടരാടലും സ്വാതന്ത്ര്യലബ്ധിയുമെല്ലാം ത്രീ ഡി ലേസര്‍ ഷോയിലൂടെ നമുക്കു മുന്നിലെത്തുമ്പോള്‍, വിവരിയ്ക്കപ്പെടുമ്പോള്‍, സ്വാതന്ത്ര്യലബ്ധിയ്ക്കായി ചിന്തിയ ഓരോ തുള്ളി ചോരയും സ്മരിയ്ക്കപ്പെടുന്നു.

രാജ്യത്തിന്റെ ഉരുക്കു മനുഷ്യനെ മനസ്സു കൊണ്ടെങ്കിലും ഞാനും ഒന്നു പ്രണമിച്ചോട്ടെ, അദ്ദേഹത്തിന്റെ ജന്മഭൂമിയിലെത്തിയ ഈ നിമിഷങ്ങളില്‍..

shortlink

Related Articles

Post Your Comments

Related Articles


Back to top button