
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ പ്രക്ഷോഭങ്ങളും വിഘടനവാദികളുടെ ഭീഷണിയൊന്നും വകവെയ്ക്കാതെ സൈനിക പരീക്ഷയ്‌ക്കെത്തിയത് നിരവധി യുവാക്കള്‍. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദ് ഭട്ട് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളും ഉയര്‍ന്ന ഭീഷണികളും വകവെക്കാതെയാണ് ഇന്നു നടന്ന സൈനിക പരീക്ഷയില്‍ കശ്മീരി യുവാക്കള്‍ പങ്കെടുത്തത്. പരീക്ഷയില്‍ പങ്കെടുക്കരുതെന്ന് വിഘടനവാദികള്‍ ഭീഷണി മുഴക്കിയിട്ടും പരീക്ഷയ്ക്ക് യുവാക്കളുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കശ്മീരിലെ സാഹചര്യം അനുകൂലമല്ലാതിരുന്നിട്ടും റിക്രൂട്ട്‌മെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. സൈനിക സേവനത്തിനുള്ള യുവാക്കളുടെ അവസരം നഷ്ടപ്പെടരുതെന്നതിനാലാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചതെന്നും സൈന്യം അറിയിച്ചു.
ശ്രീനഗറിലെ 815 ഉദ്യോഗാര്‍ത്ഥികളുള്ള കേന്ദ്രത്തില്‍ 799 പേരും പരീക്ഷയ്‌ക്കെത്തി. കായിക പരീക്ഷയിലും വൈദ്യപരിശോധനയിലും പാസായവരാണ് ഇന്ന് പരീക്ഷയില്‍ പങ്കെടുത്തത്. ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലേക്കായാണ ഇന്ത്യന്‍ സൈന്യം കോമണ്‍ എന്‍ട്രന്‍സ് എക്‌സാം നടത്തിയത്.
വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ സൈന്യം ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹ്മദിനെ വധിച്ചത്. ഇതേത്തുടര്‍ന്ന് കശ്മീരില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സൈന്യം നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ നടന്ന പരീക്ഷയ്ക്കാണ് വന്‍ പങ്കാളിത്തം ഉണ്ടായിരിക്കുന്നത്
Post Your Comments