Latest NewsKeralaNews

ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: കണ്ടെത്തിയത് വ്യാപക തൊഴില്‍ നിയമലംഘനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ തൊഴില്‍ വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക തൊഴില്‍നിയമലംഘനങ്ങള്‍ കണ്ടെത്തി. തൊഴില്‍-എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്റെ നിര്‍ദേശാനുസരണമാണ് സംസ്ഥാനത്തെ 33 ആശുപത്രികളില്‍ പരിശോധന നടത്തിയത്.

വകുപ്പു മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ കെ. ബിജു അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍(എന്‍ഫോഴ്സ്മെന്റ്) എ. അലക്സാണ്ടര്‍ക്ക് ഉത്തരവ് നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. സംസ്ഥാനത്തെ മൂന്നു റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 8.45ന് ആരംഭിച്ച് വൈകുന്നേരം അഞ്ചര വരെ നീണ്ട മിന്നല്‍ പരിശോധനയില്‍ 14 ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍, 101 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എല്ലാ ജില്ലകളിലെയും വിവിധ ആശുപത്രികളിലായി നടത്തിയ പരിശോധനയില്‍ വ്യാപകമായ തൊഴില്‍നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. 15,000ത്തോളം ജീവനക്കാരുടെ പ്രശ്നങ്ങളെയും മിന്നല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. കോണ്‍ട്രാക്റ്റ് ലേബര്‍ ആക്റ്റ് നടപ്പാക്കാതിരിക്കുക, പൊതുഉത്സവ അവധി ദിനം, ഓവര്‍ടൈം വേതനം തുടങ്ങിയ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ നല്‍കാതിരിക്കല്‍, പ്രസവാനുകൂല്യം നിഷേധിക്കല്‍, ബോണസ് ആക്റ്റ് പ്രകാരമുള്ള രജിസ്റ്ററുകള്‍, വാര്‍ഷിക റിട്ടേണ്‍, ഗ്രാറ്റുവിറ്റി രേഖകള്‍ എന്നിവ സൂക്ഷിക്കാതിരിക്കല്‍ തുടങ്ങിയവയാണ് കണ്ടെത്തിയ നിയമലംഘനങ്ങളില്‍ പ്രധാനപ്പെട്ടവ.

ജീവനക്കാര്‍ക്ക് നല്‍കേണ്ട നിയമന കത്ത് പലയിടങ്ങളിലും നല്‍കിയിട്ടില്ലെന്നത് കടുത്ത ചട്ടലംഘനമാണ്. മിനിമം വേതനം, ഓവര്‍ടൈം വേതനം എന്നിവ ലഭിക്കാത്ത തൊഴിലാളികളുണ്ടെന്നും നോട്ടീസുകള്‍ നല്‍കുന്നതിനും അവ സൂക്ഷിക്കുന്നതിലും വീഴ്ചകള്‍ വരുത്തിയിട്ടുണ്ടെന്നും പരിശോധനയില്‍ വ്യക്തമായി. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കാതിരിക്കല്‍, ഓര്‍വടൈം അലവന്‍സ് നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് സൗകര്യങ്ങളോട് കൂടിയ വിശ്രമ മുറി, ഇരുപതിന് മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അവരുടെ ചെറിയ കുട്ടികള്‍ക്കു വേണ്ടി ക്രഷ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥ എന്നിവയും നടപ്പാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button