തിരുവനന്തപുരം: ‘ആർദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഒക്ടോബർ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കും. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, 9 ന് അരീക്കോട് താലൂക്ക് ആശുപത്രി, 10 ന് നിലമ്പൂർ ജില്ലാ ആശുപത്രി, 11 ന് വണ്ടൂർ താലൂക്ക് ആശുപത്രി, 12.30 ന് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, ഉച്ചയ്ക്ക് 2.30 ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി, 4.45 ന് പൊന്നാനി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 6 മണിക്ക് തിരൂർ ജില്ലാ ആശുപത്രി, 7 ന് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. ജില്ലയുടെ അവലോകന യോഗം മറ്റൊരു ദിവസം നടക്കും.
Read Also: പൊൻകുന്നത്തെ വാഹനാപകടം; ജീപ്പ് ഓടിച്ചത് മദ്യലഹരിയില്‍, ഡ്രൈവര്‍ അറസ്റ്റില്‍, നരഹത്യ കുറ്റം ചുമത്തി
എംഎൽഎമാരുൾപ്പെടെയുള്ള ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മന്ത്രിയോടൊപ്പമുണ്ടാകും. കഴിഞ്ഞ ഒൻപതാം തീയതിയാണ് ആർദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി, വയനാട് ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി സന്ദർശിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ഒന്നാംഘട്ട സന്ദർശനം നടത്തി. ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തി സത്വര നടപടികൾ സ്വീകരിക്കാൻ സന്ദർശനത്തിലൂടെ സാധിച്ചു.
ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദർശിക്കുന്നത്. ആർദ്രം മിഷൻ വിഭാവനം ചെയ്യുന്ന സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉറപ്പാക്കുക, നിലവിൽ നൽകപ്പെടുന്ന സേവനങ്ങളും ജനങ്ങൾക്ക് അത് അനുഭവവേദ്യമാകുന്നതും വിലയിരുത്തുക, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യുക, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുക, മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കുക തുടങ്ങിവയാണ് സന്ദർശനത്തിന്റെ ഭാഗമായി അവലോകനം ചെയ്യപ്പെടുന്നത്.
Read Also: 72 മണിക്കൂറിനുള്ളിൽ തുലാവർഷം എത്താൻ സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Post Your Comments