KeralaLatest News

കേള്‍വിശക്തിയില്ലാത്തവര്‍ക്കും പള്ളി: മലപ്പുറത്തെ വേറിട്ടകാഴ്ച

മലപ്പുറം: ഇത്തവണ പല പ്രത്യേകതകള്‍ കൊണ്ടും റമദാന്‍ മാസം വ്യത്യസ്തമാകുകയാണ്. ശ്രവണ ശേഷിയില്ലാത്തവര്‍ക്കായി ആംഗ്യഭാഷയിലൂടെ ജുമുഅ ഖുത്തുബ വിവര്‍ത്തനം ചെയ്ത് നല്‍കി രാജ്യത്തെ ആദ്യ പള്ളിയായി മാറിയിരിക്കുകയാണ് പുളിക്കല്‍ എബിലിറ്റി ക്യാമ്ബസിലെ ജുമുഅത്ത് പള്ളി.

മലപ്പുറത്താണ് ഈ വ്യത്യസ്ത കാഴ്ച. പുളിക്കല്‍ വലിയപറമ്പ് എബിലിറ്റി ഫൗണ്ടേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയാണിത്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുന്ന ഭിന്നശേഷിക്കാരയവര്‍ക്ക് തൊഴില്‍ പരിശീലന പരിപാടികളും കോഴ്‌സുകളും സംഘടിപ്പിക്കുന്ന സ്ഥാപനമാണ് എബിലിറ്റി ഫൗണ്ടേഷന്‍ ഫോര്‍ ദ ഡിസേബ്ള്‍സ്.

വെള്ളിയാഴ്ചയുള്ള പ്രത്യേക പ്രഭാഷണമായ ഖുത്തുബയ്‌ക്കൊപ്പം കേള്‍വി ശക്തിയില്ലാത്തവര്‍ക്കായി ബാങ്ക് വിളിയും വിവര്‍ത്തനം ചെയ്ത് നല്‍കുന്നു. ഇവര്‍ക്ക് സഹായകമാകുന്ന രീതിയിലാണ് പള്ളിയുടെ നിര്‍മ്മാണവും. ജുമുഅ നമസ്‌കാരത്തിലെ പ്രധാന ഭാഗമായ രണ്ട് ഖുത്തുബകളും മനസ്സിലാകാതെ എഴുന്നേറ്റ് പോകേണ്ട സ്ഥിതിയിലായിരുന്നു ഇതുവരെ കേള്‍വി ശക്തിയില്ലാത്തവര്‍ക്ക്.

എന്നാല്‍, ഇനി അത് ഉണ്ടാവില്ല. ഖുത്തുബക്ക് ശേഷം പുറത്തിറങ്ങിയ ഇവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു തങ്ങള്‍ക്ക് ലഭിച്ച പരിഗണനയുടെ വലിപ്പം. ആംഗ്യ ഭാഷയിലെ നമ്മുടെ അനാവശ്യമായ ചെറിയ അനക്കങ്ങള്‍ പോലും ഇവര്‍ തെറ്റായി ഗ്രഹിച്ചെടുക്കുമെന്നും അത് കൊണ്ട് തന്നെ ശരീരഭാഷയും ചുണ്ടനക്കവും വളരെ സൂക്ഷിച്ച് മാത്രമെ കൈകാര്യം ചെയ്യാനാവൂ എന്നാണ് വിവര്‍ത്തകനായ പി.എന്‍.ബഷീര്‍ അഹമ്മദ് പറയുന്നത്.

ലോകത്തിലുള്ള കാഴ്ച ശക്തിയില്ലാത്തവര്‍ക്കായി പ്രത്യേക ഇന്‍സറ്റിറ്റിയൂട്ടും ഈ ക്യാമ്പസിലുണ്ട്. ഓണ്‍ലൈനിലൂടെയും മറ്റും ആവശ്യപ്പെടുന്ന നോവലുകളും ഫയലുകളും വായിച്ച് റെക്കോര്‍ഡ് ചെയ്ത് അയച്ച് നല്‍കുന്നു. വീട്ടമ്മമാരടക്കമുള്ളവരാണ് വായിച്ച് റെക്കോര്‍ഡ് ചെയ്ത് നല്‍കുന്നത്.

സൗണ്ട് റെക്കോര്‍ഡുകളാണ് ആരെങ്കിലും അയക്കുന്നതെങ്കില്‍ അവര്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ ടൈപ്പ് ചെയ്ത ഫയലുകള്‍ തിരിച്ചയക്കുന്ന സംവിധാനവും വൈകാതെ കൊണ്ടുവരുമെന്നാണ് പറയുന്നത്. ക്യാമ്പസിലെ പള്ളിയുടേതടക്കം സ്ഥാപനങ്ങളുടെ ഇന്റീരിയര്‍ ജോലികള്‍ ചെയ്തത് ഇവിടെ നിന്ന് പരിശീലനം നേടിയ ഭിന്നശേഷിക്കാരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button