അബുദാബി•2015 പാകിസ്ഥാന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ 10 ഇന്ത്യന്‍ യുവാക്കളുടെ വധശിക്ഷ ജയില്‍ശിക്ഷയായി കുറച്ചു. കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയുടെ മാതാപിതാക്കള്‍ പ്രതികള്‍ക്ക് മാപ്പുനല്‍കാന്‍ തയ്യാറായതിനെത്തുടര്‍ന്നാണിത്.
അല്‍-ഐന്‍ അപ്പീല്‍ കോടതിയുടെ വിധിപ്രകാരം പത്തില്‍ രണ്ട് പേര്‍ മൂന്നരവര്‍ഷവും, മൂന്നുപേര്‍ മൂന്ന് വര്‍ഷവും ജയില്‍ശിക്ഷ അനുഭവിക്കണം. മറ്റു രണ്ട്പേര്‍ ഒന്നരവര്‍ഷവും, ശേഷിക്കുന്ന മൂന്ന്പേര്‍ ഓരോ വര്‍ഷം വീതവും ജയില്‍ ശിക്ഷ അനുഭവിക്കണം.
കോടതിയുടെ ഉത്തരവ് ആശ്വാസകരമാണെന്ന് അബുദാബി ഇന്ത്യന്‍ എംബസിയിലെ കമ്മ്യൂണിറ്റി അഫയേഴ്സ് ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ പ്രതികരിച്ചു. യുവാക്കള്‍ക്ക് മാപ്പുനല്‍കിയ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊലപാതകക്കേസില്‍ ജൂലൈ 2015 മുതല്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഒക്ടോബര്‍ 2016 ലാണ് വധശിക്ഷ വിധിച്ചത്.
ഇരുപതുകള്‍ മാത്രം പ്രായമുള്ള പ്രതികളെല്ലാം പഞ്ചാബിലെ നിര്‍ധന കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യന്‍ സന്നദ്ധ സംഘടനായായ സര്‍ബാത് ദാ ഭല ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനായ എസ്.പി.എസ് ഒബറോയി നടത്തിയ ശ്രമങ്ങളാണ് പാകിസ്ഥാന്‍ കുടുംബത്തില്‍ നിന്ന് മാപ്പ് നേടിയെടുക്കുന്നതിനും പ്രതികളെ തൂക്കുകയറില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനും സഹായകമായത്.
Post Your Comments