റമദാന്‍ കാലം നോമ്പിന്റെയും പ്രാര്‍ത്ഥനയുടെയും പരസ്പരമുള്ള സ്‌നേഹപ്രകടനത്തിന്റെയും കാലമാണ്. ഈ സമയത്ത് റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ച് നോമ്പ് തുറക്കുന്നതിനും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ഒത്തുകൂടുന്നതിനും ആളുകള്‍ വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് കൂടുതലായിരിക്കും. വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലുണ്ടാകുമ്പോള്‍ അപകടങ്ങള്‍ക്ക് സാധ്യതയും കൂടുന്നു. നോമ്പുകാലത്ത് മുന്‍പും വാഹനാപകട നിരക്ക് കൂടിയിട്ടുണ്ട്. അതിനാല്‍ ഇക്കാലത്ത് അപകടനിരക്ക് കുറയ്ക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
ഡ്രൈവ് ചെയ്യുമ്പോള്‍ വലത്തും ഇടത്തും മുന്നിലും ഒരുപോലെ ശ്രദ്ധിക്കുക. തൊട്ടുമുന്നിലുള്ളയാള്‍ ഏതുനിമിഷവും വാഹനംതിരിക്കാനും ബ്രേക്ക് ചെയ്യാനും സാധ്യതയുണ്ട്.
ഡിഫന്‍സീവ് (അപകടസാധ്യത മുന്നില്‍ക്കണ്ട് പ്രതിരോധിക്കാനുവുന്ന വിധം) ശൈലി ഡ്രൈവിംഗില്‍ അനുവര്‍ത്തിക്കുക.
കാറും ട്രക്കുകളും മാത്രമല്ല ചില സാഹചര്യങ്ങളില്‍ വഴിയാത്രക്കാരും ഇരുചക്രവാഹനക്കാരും റോഡില്‍ പ്രത്യക്ഷപ്പെടുമെന്ന കാര്യം ഓര്‍ക്കുക. അവര്‍ക്കും കൂടി അനുവദിക്കപ്പെട്ടിട്ടുള്ളതാണ് റോഡും അതിലെ ചില പ്രത്യേക സ്ഥലങ്ങളും.
സീറ്റ് ബെല്‍റ്റ് ധരിക്കുന്ന കാര്യത്തില്‍ ഒരു കാരണവശാലും അമാന്തം വിചാരിക്കരുത്, റമദാന്‍ കാലത്ത് മാത്രമല്ല എല്ലായ്‌പ്പോഴും.
മുന്‍പില്‍ പോകുന്ന വാഹനവുമായി നിശ്ചിത അകലം കൃത്യമായും പാലിക്കണം. കഴിഞ്ഞവര്‍ഷം ദുബായില്‍ അപകടങ്ങള്‍ക്ക് ഏറ്റവും അധികം കാരണമായത് വാഹനങ്ങളുടെ തൊട്ടുപിന്നില്‍ ചേര്‍ന്ന് ഡ്രൈവ് ചെയ്തതാണ്.
നിങ്ങളുടെ തിരക്ക് ഒരു കാരണവശാലും സിഗ്നല്‍ ലംഘിക്കാന്‍ കാരണമല്ല. ഇക്കാര്യത്തില്‍ ഒരു സെക്കന്‍ഡ് പോലും ലാഭിക്കാന്‍ ശ്രമിക്കരുത്.
റമദാന്‍ കാലത്ത് മീറ്റിംഗുകള്‍ വൈകുകയെന്നത് സാധാരണയാണ്. അതിനാല്‍ റോഡില്‍ വേഗതകൂട്ടി മീറ്റിംഗുകള്‍ക്ക് സമയത്തിനെത്താന്‍ ശ്രമിച്ച് അപകടത്തിന് ഇടവരുത്തരുത്.
റോഡ് നിയമങ്ങള്‍ അനുസരിച്ച് ഡ്രൈവ് ചെയ്താല്‍ അപകടനിരക്ക് വന്‍തോതില്‍ കുറയും. നിങ്ങള്‍ പിഴ നല്‍കുന്നതില്‍ നിന്ന് രക്ഷപെടുകയും ചെയ്യും.
നോമ്പ് തുറ സമയം നേരത്തെ കൂട്ടി മനസിലാക്കുക. അതനുസരിച്ച് ദിവസത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യുക. അതുവഴി റോഡിലൂടെയുള്ള അവസാന നിമിഷത്തെ മരണപ്പാച്ചില്‍ ഒഴിവാക്കാനാകും.
നോമ്പ് എടുക്കുന്നതിന്റെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കാരണം കൊണ്ടോ നിങ്ങള്‍ വണ്ടിയോടിക്കാന്‍ പറ്റാത്തത്ര ക്ഷീണിതനായ അവസ്ഥയാണെങ്കില്‍ ഡ്രൈവിംഗിന് മുതിരരുത്. ടാക്‌സി വിളിക്കുകയോ, മെട്രോ യാത്രയോ ബസ് യാത്രയോ തെരഞ്ഞെടുക്കുക.
ഡ്രൈവിംഗിനിടെ തലകറക്കമോ അങ്ങനെ എന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടായാല്‍ ഉടന്‍ വാഹനം സൈഡ് ചേര്‍ത്ത് നിര്‍ത്തി വിശ്രമിച്ച് ക്ഷീണമകറ്റിയ ശേഷം മാത്രം ഡ്രൈവിംഗ് തുടരുക.
റോഡിലെ മറ്റ് ഡ്രൈവര്‍മാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ അവരോട് വാശിതീര്‍ക്കുകയോ ചെയ്യരുത്.
ഡ്രൈവിംഗ് ആരംഭിക്കുന്നതിന് മുന്‍പ് നിങ്ങള്‍ ആവശ്യത്തിന് ഉറങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഇല്ലെങ്കില്‍ ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോകുമെന്ന് ഓര്‍മ്മിക്കുക.
വാഹനമോടിക്കുന്നതിനിടെ നോമ്പ് തുറക്കാന്‍ ശ്രമിക്കരുത്. ഭക്ഷണത്തില്‍ ശ്രദ്ധിച്ചുള്ള കാറോട്ടം അപകട സാധ്യത കൂട്ടുന്നു.
Post Your Comments