മുതിർന്ന കോൺഗ്രസ് നേതാക്കൾ ജമ്മുകശ്മീരിലെ വിഘടനവാദികൾക്കൊപ്പം അണിചേരുന്നത് ചർച്ചാവിഷയമാവുകയാണ്. ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മണിശങ്കർ അയ്യരാണ് ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന്റെ അപ്പോസ്തലന്മാരായി അറിയപ്പെടുന്നവരെ കാണാനായി കശ്മീർ താഴ്‌വരയിൽ എത്തിയത്.
പാക് ദല്ലാളന്മാർ എന്ന് കുപ്രസിദ്ധിയാർജിച്ചവരെ എന്തിനാണ് കോൺഗ്രസ് നേതാക്കൾ കണ്ടത് എന്നത് സംശയങ്ങൾക്ക് ഇടനൽകുന്നുണ്ട് . സെയ്ദ് അലി ഷാ ഗിലാനി, മിർവായിസ് ഫാറൂഖ് തുടങ്ങിയവരെയാണ് അവർ കണ്ടത്. അതിനു മാറ്റ് താല്പര്യങ്ങൾ ഇല്ല എന്ന് കാണിക്കാനെന്നോണം മുഖ്യമന്ത്രി ഗവർണർ എന്നിവരെ കാണാനും ശ്രമിക്കുന്നു.
അടുത്തിടെയാണ് ഹുറിയത് നേതാക്കൾക്ക് പാക്കിസ്ഥാനിൽ നിന്ന് കോടിക്കണക്കിന് പണമെത്തുന്നു എന്ന കാര്യം ഒരു പ്രമുഖ ഇന്ത്യൻ ഇംഗ്ലീഷ് ചാനൽ റിപ്പോർട്ട് ചെയ്തത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയിൽ നിന്നും കൃത്യമായി പണം പറ്റുന്നതിന്റെ രേഖകൾ സഹിതമായിരുന്നു റിപ്പോർട്ടുകൾ. അത് വേണ്ടവിധം നിഷേധിക്കാൻ ഇനിയും ഹുറിയത് നേതാക്കൾക്കായിട്ടില്ല. അതിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് കേസെടുത്ത് അന്വേഷണംനടത്തിവരികയാണ്. ഹുറിയത് നേതാക്കളോട് നേരിട്ട് ഡൽഹിയിലെ അവരുടെ ഓഫിസിൽ ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്. കുറെയേറെ രേഖകൾ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റ് കൈക്കലാക്കിയിട്ടുണ്ട് എന്നാണ് സൂചനകൾ.
തീർച്ചയായും ഇത്രയേറെ പണം കിട്ടിയത് എന്തിനൊക്കെ ചിലവാക്കി, ആർക്കൊക്കെ കൊടുത്തു തുടങ്ങിയ പ്രശ്നങ്ങൾ ചോദ്യം ചെയ്യലിൽ ഉയർന്നുവരും. മണിശങ്കർ അയ്യരുംകൂട്ടരും, കോൺഗ്രസിലെ ചിലരെങ്കിലും, ഭയപ്പെടുന്നത് ആ വിവരങ്ങളെയാണോ എന്നതറിയില്ല. കുറേയേറെക്കാലമായി പാക് അനുകൂല രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു അയ്യർ എന്നത് ഇവിടെ പ്രധാനമാണ്. പാക്കിസ്ഥാൻ കാരനെപ്പോലെയാണ് അയ്യർ പലപ്പോഴും കാശ്മീർ പ്രശ്നങ്ങളെ സമീപിക്കുന്നത് എന്നതൊന്നാലും ഉണ്ടാക്കിയിരുന്നു, ചിലരിലെങ്കിലും. അനവധി തവണ ആ മുൻ കേന്ദ്ര മന്ത്രി പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുമുണ്ട്.
ഇവിടെ നാം കാണാതെ പൊയ്ക്കൂടാത്ത കാര്യം, മണിശങ്കർ അയ്യർക്ക് സോണിയ കുടുംബവുമായുള്ള വളരെ നല്ല അടുപ്പമാണ്. രാജീവ് ഗാന്ധിയുടെ കാലം മുതൽ അതുണ്ട്. രാജീവിന്റെ വിശ്വസ്തരിൽ പ്രധാനിയായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ, യുപിഎയുടെ കാലത്ത് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അയ്യരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് തയ്യാറായത് ചെറിയ കാര്യമല്ല. അത്രമാത്രം സ്വാധീനം സോണിയ പരിവാറിൽ ഉള്ളയാളാണ് അയ്യർ എന്നതാണ് കാണേണ്ടത്.
ഇന്നിപ്പോൾ കാശ്മീരിൽ ഭീകരരെ പിന്തുണക്കുന്ന, പാക്കിസ്ഥാന്റെ ദല്ലാളായി മാറിയ നേതാക്കളെ കാണാൻ അയ്യർ പോയത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ അനുമതിയും അറിവോടെയുമാണോ….. സോണിയയുടെ ഉപദേശവും നിർദ്ദേശവും പ്രകാരമാണോ?. എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് അധികൃതരുടെ ശക്തമായ നീക്കം തന്നെയാണോ അതിനു കാരണം?. ഐഎസ്‌ഐ- ബാങ്ക് – ഹുറിയത് ഇടപാട് സംബന്ധിച്ച രേഖകൾ പുറത്തുവന്നാൽ പലരുടെയും മുഖം വികൃതമാവുമെന്ന ആശങ്കയാണോ അതിനൊക്കെ പിന്നിൽ…………?. ഗൗരവമുള്ള പ്രശ്നമാണ് ഇതെന്നതിൽ സംശയമില്ല. ഇതിൽ ഒരു കൃത്യത, വ്യക്തത വരുത്താൻ ഇന്നിപ്പോൾ മണി ശങ്കർ അയ്യർക്കൊഴികെ ആർക്കും കഴിയുകയുമില്ല.
26 / 11 ലെ ഭീകരാക്രമണത്തിന് പണം നൽകിയ അതെ കേന്ദ്രങ്ങളിൽ നിന്നും ഹുറിയത് നേതാക്കൾക്ക് പണമെത്തുന്നതായി 2015 ജൂലൈയിൽ ഒരു പ്രമുഖ ഓൺലൈൻ പത്രം വാർത്തനൽകിയിരുന്നു. ചില അന്താരാഷ്ട്ര ഏജൻസികളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അത്. ആ പണമിടപാടിന് ഒരു ഇറ്റലി കണക്ഷനും ഉണ്ടായിരുന്നു എന്നത് പ്രധാനമാണ്. യുപിഎ ഭരണകാലത്താണ് അതുണ്ടായത്.
2007 -2010 കാലഘട്ടത്തിൽ മൂന്ന് കോടിയാണ് കിട്ടിയത്. ഇറ്റലിയിലെ ബ്രേസിയ എന്ന സ്ഥലത്തുള്ള ‘മദിന ട്രേഡിങ്ങ് ‘ ആണ് പണം കൈമാറ്റം നടത്തിയത്. പാക് അധീന കശ്മീരിലെ ഒരു ആളുടെ പേരിലാണ് ഇറ്റലിയിൽ നിന്നും പണം കൈമാറ്റം നടത്തിയത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നീട് വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴിയും കൈമാറ്റം നടന്നിരുന്നു.
ഇത്തരത്തിലെ പണം കൈമാറ്റത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ മുന്നൂറോളം തവണ സെയ്ദ് അലി ഷാ ഗിലാനിയുടെ ഗ്രൂപ്പിൽ പെട്ട ഫിർദൗസ് അഹമ്മദ് ഷാക്ക് പണം ലഭിച്ചതായും കണ്ടിരുന്നു. അന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കലും ഡൽഹിയിലെ ഒരു വീട് അറ്റാച്ച് ചെയ്യുന്നതും അടക്കമുള്ള നടപടികൾ സ്വീകരിച്ചതാണ്. പക്ഷെ ആ കാലഘട്ടത്തിൽ ഭരണത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ ആ അന്വേഷണങ്ങൾ തളർത്തുകയായിരുന്നു എന്നാണ് ആക്ഷേപമുയർന്നത് .
കാശ്മീരിൽ സൈനികർക്കും പോലീസിനും നേരെ കല്ലേറ് ഉൾപ്പടെ നടത്തുന്നവരെ പണം കൊടുത്ത് സഹായിക്കുന്നത് ഇത്തരത്തിലുള്ള പാക് അനുകൂല സംഘങ്ങളാണ് എന്നതറിയാം. പ്രത്യേകിച്ച് ഒരു ജോലിയുമില്ലാതെ ഇതിന്റെ നേതാക്കൾ കോടീശ്വരന്മാരായത് പലപ്പോഴും നമ്മുടെ ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാണിച്ചതാണ്. പക്ഷെ അതൊന്നും അന്വേഷിക്കാൻ കഴിയാതെ വന്നിരുന്നു. വേണ്ടുന്ന രേഖകളുടെ അഭാവമായിരുന്നു കാരണം എന്ന് ഏജൻസികൾ പറയുന്നു.
പാക്കിസ്ഥാനിൽ അച്ചടിച്ച ഇന്ത്യൻ രൂപയാണ് അവർക്ക് കിട്ടിയിരുന്നത്. അത് ഇന്ത്യയിലെ പലർക്കും എത്തിച്ചിരുന്നു എന്നതാണ് വിവരം. അടുത്തിടെ ഇവിടെ അഞ്ഞൂറ്, ആയിരം രൂപയുടെ കറൻസി റദ്ദാക്കിയതോടെ അവരോക്കെ ഏതാണ്ട് പ്രതിസന്ധിയിലായിരുന്നു. എന്നാൽ വീണ്ടും ഐഎസ്‌ഐ -ഹുറിയത് കൂട്ടുകെട്ട് ഫലപ്രദമായി പ്രവർത്തിക്കാൻ നോക്കുന്നു എന്നതാണ് സൂചനകൾ. അതിനിടയിൽ എന്തിനാണ് കോൺഗ്രസ് നേതാക്കൾ വിഘടനവാദികൾക്കരികിൽ എത്തിയത് എന്നതാണ് പ്രധാനം. ഇന്ത്യയിലെ കുറെ രാഷ്ട്രീയകക്ഷികൾക്ക് വിദേശത്തുനിന്നും അനധികൃതമായി പണം കിട്ടുന്നുവെന്നും അത് അവർ കേന്ദ്ര വിരുദ്ധ, ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപങ്ങളും ഇവിടെ ഉയരുന്നുണ്ട്.
Post Your Comments