CinemaMollywoodMovie SongsEntertainment

“പത്മരാജൻ സാറും, ഭരതേട്ടനും എനിക്ക് ഓരോ ഗംഭീര സിനിമകൾ തരാം എന്ന് വാക്കു പറഞ്ഞിട്ടാണ് ഇവിടം വിട്ടു പോയത്”, ജയറാം

ജയറാം എന്ന നടനെ സംബന്ധിച്ച് തൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു പത്മരാജൻ, ഭരതൻ എന്നിവരുടെ അകാലവിയോഗങ്ങൾ. കാരണം രണ്ടു പേരും അവരുടെ അവസാനകാലത്ത് ജയറാമിനെ വച്ചുള്ള ഗംഭീര സിനിമകളായിരുന്നു പ്ലാൻ ചെയ്തിരുന്നത്.

പത്മരാജൻ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത “ഞാൻ ഗന്ധർവ്വൻ” (1991) എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നതിനിടെ ഒരു ദിവസം അദ്ദേഹം തൃശ്ശൂർ രാമനിലയം ഹോട്ടലിലേക്ക് ജയറാമിനെ വിളിപ്പിച്ചു. ആയിടയ്ക്ക് റിലീസായ പടങ്ങളെല്ലാം തന്നെ പരാജയപ്പെട്ട് മോശം സാഹചര്യത്തിലായിരുന്ന ജയറാം പത്മരാജനോട് തൻ്റെ സങ്കടം പങ്കു വച്ചു. ഒടുവിൽ അവിടെ നിന്നും പിരിയാൻ സമയത്ത് പത്മരാജൻ ജയറാമിന് വാക്കു കൊടുത്തു, “സാരമില്ലടാ . നീ വിഷമിക്കണ്ട. ഉഗ്രനൊരു സിനിമ നിന്നെ വച്ച് ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്. സ്പോർട്സുമായി ബന്ധപ്പെട്ട കഥയാണ്. അത് നിന്റെ കരിയർ ബെസ്റ്റ് തന്നെയാകും”, എന്ന്. പക്ഷെ അത് നടന്നില്ല. ദിവസങ്ങൾക്കുള്ളിൽ, കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവേഴ്‌സിൽ വച്ച് ഹൃദയാഘാതം മൂലം പത്മരാജൻ മരണപ്പെടുകയുണ്ടായി.

ഇതു പോലൊരു വാഗ്ദാനം നൽകിയിട്ടാണ് സംവിധായകൻ ഭരതനും ഇവിടം വിട്ടു പോയത്. തൻ്റെ ഡ്രീം പ്രോജക്റ്റായ “കുഞ്ചൻ നമ്പ്യാർ” ജയറാമിനെക്കൊണ്ട് ചെയ്യിപ്പിക്കണം എന്നതായിരുന്നു ഭരതന്റെ ആഗ്രഹം. അതിനു വേണ്ടി അദ്ദേഹം ഒരുപാട് പേപ്പർ വർക്കുകളും നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ, കുഞ്ചൻ നമ്പ്യാരുടെ രൂപത്തിൽ ജയറാമിനെ മനസ്സിൽ കണ്ട് ഒരു ചിത്രം വരച്ച് അത് ജയറാമിന് സമ്മാനിക്കുകയും ചെയ്തു, ചിത്രകാരനും കൂടിയായ ഭരതൻ. പക്ഷെ അവിടെയും മരണം വില്ലനായി മാറുകയായിരുന്നു. പത്മരാജനെ പോലെ തന്നെ മനോഹരമായ വാഗ്ദാനം നൽകിയിട്ട് ഭരതനും ജയറാമിനെ പറ്റിച്ച് വേറെ ഏതോ ലോകത്തേക്ക് യാത്രയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button