Latest NewsNews

റമദാന്‍ കാലത്തെ ദുബായിയിലെ പാര്‍ക്കിംഗ്, പൊതു ഗതാഗത, മെട്രോ സര്‍വീസ് സമയക്രമത്തെക്കുറിച്ച് അറിയുക

ദുബായി: റമദാന്‍ പ്രമാണിച്ച് ദുബായി റോഡ് ഗതാഗത അതോറിറ്റി(ആര്‍ടിഎ) പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമവും പാര്‍ക്കിംഗ് വിവരങ്ങളും പ്രഖ്യാപിച്ചു.

റമദാന്‍ സമയത്ത് കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകള്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ വിവിധ ഇടങ്ങളില്‍ വിവിധ നേരത്തായിരിക്കും പ്രവര്‍ത്തിക്കുക. ഉമല്‍ റൂമൂല്‍, അല്‍ ബര്‍ഷ, ദെയ്‌റ, അല്‍ കഫാഫ് എന്നിവടങ്ങളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ചക്ക് രണ്ടുവരെ കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും.

അല്‍തവാര്‍, അല്‍മനാറ, അല്‍ അവിര്‍ സെന്ററുകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കും.

എ, ബി, സി, ഡി, ജി എന്നീ പെയ്ഡ് കാര്‍ പാര്‍ക്കിംഗ് സോണുകളില്‍ ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രണ്ടു സമയങ്ങളിലാണ് പാര്‍ക്കിംഗ് അനുവദിക്കുക. രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെയും വൈകിട്ട് ഏഴു മുതല്‍ രാത്രി 12 വരേയും. ദുബായി സിലിക്കോണ്‍ ഓആസിസില്‍(സോണ്‍ എച്ച്) ശനി മുതല്‍ വ്യാഴം വരെ രാവിലെ എട്ടുമുതല്‍ രാത്രി 10 വരെയും ടികോം(സോണ്‍ എഫ്) രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറുവരെയും ശനി മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ഫിഷ് മാര്‍ക്കറ്റില്‍ (സോണ്‍ ഇ) രാവിലെ എട്ടുമുതല്‍ രാത്രി 11 വരെയും ആണ് പാര്‍ക്കിംഗ് സമയം.

റമദാന്‍ ദിനങ്ങളിലെ ബസ് സര്‍വീസ് സമയവിവരവും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോള്‍ഡ് സൂക്ക് പോലെ പ്രധാന സ്റ്റേഷനുകളില്‍ അതിരാവിലെ 4.25 മുതല്‍ രാത്രി 12 വരെയാണ് ബസ് സര്‍വീസ്. അല്‍ ഖുബൈയ്ബ സ്റ്റേഷനില്‍ രാവിലെ നാലര മുതല്‍ രാത്രി 12 വരെയാണ് ബസ് സര്‍വീസുണ്ടാകുക.

അല്‍ സത്വ പോലെയുള്ള ചെറിയ സ്‌റ്റേഷനുകളില്‍ നിന്ന് 4.57 മുതല്‍ ബസ് സര്‍വീസ് ആരംഭിക്കും, രാത്രി 11.35 വരെ. റൂട്ട് സി1 സര്‍വീസ് സത്വയില്‍ നിന്ന് 24 മണിക്കൂറുമുണ്ടാകും. അല്‍ ഖ്വസയ്‌സ് സ്‌റ്റേഷനില്‍ നിന്നുള്ള സര്‍വീസുകള്‍ അതിരാവിലെ നാലര മുതല്‍ രാത്രി 12 വരെയാണ്. അല്‍ഖൂസ് ഇന്‍ഡസ്ട്രിയല്‍ സ്റ്റേഷന്‍ സ്റ്റേഷനില്‍ നിന്നുള്ള ബസ് സര്‍വീസുകള്‍ രാവിലെ അഞ്ചിന് തുടങ്ങി രാത്രി 11.30 വരെയാണ്. ജെബല്‍ അലി സ്റ്റേഷനില്‍ നിന്നുള്ള സര്‍വീസുകള്‍ രാവിലെ അഞ്ചിന് തുടങ്ങി രാത്രി 12 വരെയാണ്.

അല്‍ റഷിദിയ, മാള്‍ ഓഫ് ദ എമിറേറ്റ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ -ദുബായി മാള്‍, അബു ഹെയ്ല്‍, എത്തിസലാത് തുടങ്ങിയ മെട്രോ ലിങ്ക് ബസ് സ്‌റ്റേഷനുകള്‍ രാവിലെ അഞ്ചു മുതല്‍ അര്‍ത്ഥരാത്രി 12.30 വരെ സര്‍വീസ് തുടരും. മെട്രോസര്‍വീസുകളുടെ സമയത്തിനനുസരിച്ചാകും മെട്രോ ബസ് സര്‍വീസും.

റമദാന്‍ കാലത്തെ ഇന്റര്‍സിറ്റി ബസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന സമയം ഇപ്രകാരമായിരിക്കും. അല്‍ഖുബൈബ പോലുള്ള പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ഷാര്‍ജ(ജുബൈല്‍)യിലേക്ക് 24 മണിക്കൂറും ബസ് സര്‍വീസുണ്ടാകും. അതിരാവിലെ 4.30 മുതല്‍ രാത്രി 12 വരെ അബുദാബി സര്‍വീസ് ഉണ്ടാകും. യൂണിയന്‍ സ്‌ക്വയര്‍ പോലുള്ള ചെറിയ സ്‌റ്റേഷനുകളില്‍ നിന്ന് സര്‍വീസുകള്‍ അതിരാവിലെ 4.35 മുതല്‍ രാത്രി 1.25 വരെയായിരിക്കും. അല്‍ സബ്കാ സ്‌റ്റേഷന്‍ രാവിലെ 6.15 ന് തുറക്കും. രാത്രി 1.30 വരെ സര്‍വീസ് നടത്തും.ഡെയ്‌റ സിറ്റി സെന്റര്‍ സ്റ്റേഷന്‍ രാവിലെ 5.35 മുതല്‍ രാത്രി 11.30 വരെ പ്രവര്‍ത്തിക്കും. കരാമ രാവിലെ 6.10 മുതല്‍ രാത്രി 10.20, അല്‍ അഹ്ലി ക്ലബ് സ്റ്റേഷന്‍ രാവിലെ 5..55 -രാത്രി 10.15 എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളുടെ പ്രവര്‍ത്തന സമയക്രമം. ഷാര്‍ജ അല്‍ ടാവോണ്‍ പോലുള്ള എക്‌സ്‌റ്റേണനുകള്‍ രാവിലെ 5.30 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കും.

ഫുജൈറ, ഹത്ത സ്റ്റേഷനുകള്‍ രാവിലെ 5.15 മുതല്‍ രാത്രി 9.30 വരെയും അജ്മാന്‍ സ്റ്റേഷന്‍ അതിരാവിലെ 4.27 മുതല്‍ രാത്രി 11 വരെയും പ്രവര്‍ത്തിക്കും.

റമദാന്‍ സമയത്തെ മെട്രോ സര്‍വീസുകളുടെ സമയക്രമവും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

റമദാന്‍ കാലത്ത് റെഡ്‌ലൈന്‍ സ്റ്റേഷനുകള്‍ ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 5.30 മുതല്‍ രാത്രി 12 വരെയായിരിക്കും പ്രവര്‍ത്തിക്കുക. വ്യാഴാഴ്ച സ്റ്റേഷനുകള്‍ രാവിലെ 5.30 മുതല്‍ രാത്രി ഒരു മണിവരെ സര്‍വീസുകള്‍ നടത്തും. വെള്ളിയാഴ്ചകളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒരു മണിവരെ പ്രവര്‍ത്തിക്കും.

എക്‌സ്പ്രസ് മെട്രോ സര്‍വീസുകളുടെ സമയക്രമത്തിന് റമദാനില്‍ മാറ്റമൊന്നുമില്ല. ഗ്രീന്‍ ലൈന്‍ സ്‌റ്റേഷനുകള്‍ റമദാന്‍ കാലത്ത് ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ 5.50 മുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും. വ്യാഴാഴ്ചകളില്‍ രാവിലെ 5.50 മുതല്‍ രാത്രി ഒരു മണിവരെയാകും പ്രവര്‍ത്തനം. വെള്ളിയാഴ്ചകളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒരു മണിവരെ ഗ്രീന്‍ലൈന്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കും.

ദുബായി ട്രാം സര്‍വീസ് ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ റമദാന്‍ കാലത്ത് രാവിലെ 6.30 മുതല്‍ രാത്രി ഒരു മണിവരെയാകും സര്‍വീസ് നടത്തുക. വെള്ളിയാഴ്ച ദിവസം രാവിലെ 9 മുതല്‍ രാത്രി ഒരു മണിവരെ.

മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസുകളുടെ റമദാനിലെ സമയക്രമവും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മരീന മാള്‍, മരീന വാക്ക്, മരീന ടെറേസ്, മരീന പ്രോമെനാഡെ എന്നീ മറൈന്‍ സ്‌റ്റേഷനുകളില്‍ നിന്ന് വാട്ടര്‍ ബസുകള്‍ ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ സര്‍വീസ് നടത്തും. വാട്ടര്‍ ടാക്‌സികള്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി 10 വരെ സര്‍വീസ് നടത്തും.

ദുബായി ഫെറി സര്‍വീസ്, ഖുബൈബ സ്റ്റേഷനില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 6.30 വരെ സര്‍വീസ് നടത്തും. മറീനയില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് ഫെറി സര്‍വീസ്. അല്‍ ജദവ് സ്റ്റേഷനില്‍ നിന്ന് ദുബായി വാട്ടര്‍ കനാല്‍ സ്റ്റേഷനിലേക്കുള്ള സര്‍വീസുകള്‍ രാവിലെ പത്തുമുതല്‍ വൈകുന്നേരം 5.30 വരെയാണ്. വാട്ടര്‍ കനാല്‍ സ്റ്റേഷനില്‍ നിന്ന് അല്‍ ജദഫ് സ്റ്റേഷനിലേക്ക് ഉച്ചക്ക് 12.05 മുതല്‍ രാത്രി 7.35 വരെയാണ് ഫെറി സര്‍വീസ്.

ദുബായി അബ്രാ ബോട്ട് സര്‍വീസുകളുടെ സമയക്രമം ഇപ്രകാരമായിരിക്കും. ഖുബൈബ, ബനിയാസ്, ദുബായി ഓള്‍ഡ് സൂക്ക് എന്നിവടങ്ങളിലെ പരമ്പരാഗത അബ്രാ സര്‍വീസ് രാവിലെ 10 മുതല്‍ രാത്രി 12 വരെയാണ്. അല്‍ജദ്ദാ സ്റ്റേഷന്‍, ദുബായി ഫെസ്റ്റിവല്‍ സിറ്റി എന്നിവടങ്ങളിലെ അബ്രാ സര്‍വീസ് രാവിലെ ഏഴു മുതല്‍ രാത്രി 12 വരെയായിരിക്കും. ഷെയ്ക്ക് സെയ്ദ് റോഡ് സ്‌റ്റേഷനിലെ (ദുബായി വാട്ടര്‍ കനാല്‍) സര്‍വീസ് രാത്രി എട്ടുമുതല്‍ രാത്രി രണ്ടുവരെയാണ്. ഇലക്ട്രിക് അബ്ര സര്‍വീസ് ബുര്‍ജ് ഖലീഫ/ ദുബായി മാള്‍ രാത്രി എട്ടുമുതല്‍ 11.30 വരെയാണ്. അല്‍മംമസാറില്‍ രാത്രി എട്ടുമുതല്‍ രാത്രി രണ്ടുവരെയാണ് ഇലക്ട്രിക് അബ്ര സര്‍വീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button