വാഷിങ്ടണ്‍ : പാകിസ്ഥാന് നൽകുന്ന അമേരിക്കൻ സഹായത്തിൽ മാറ്റം വരുത്തുന്നു. പാകിസ്ഥാന് നല്‍കുന്ന ധനസഹായം വെട്ടിക്കുറയ്ക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. 19 കോടി ഡോളറിന്റെ സഹായം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. വരുന്ന വര്‍ഷത്തേക്ക് പാകിസ്ഥാനുള്ള സഹായമായി യുഎസ് നീക്കിവച്ചിരിക്കുന്നത് 34.4 കോടി ഡോളറാണ്. ഇതിൽ സൈനിക സഹായത്തിനുള്ള 10 കോടിയും ഉൾപെടും.
വാര്‍ഷിക ബജറ്റ് നിര്‍ദേശങ്ങളില്‍ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, അഫ്ഗാനിലെ സമാധാന ശ്രമങ്ങള്‍, ആണവ നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍, ദക്ഷിണ-മധ്യ ഏഷ്യയിലെ പ്രശ്നങ്ങള്‍ എന്നിവയിലുള്ള അമേരിക്കന്‍ ഇടപെടലുകളില്‍ പാകിസ്ഥാന്‍ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. കൂടാതെ അമേരിക്കയുടെ ബിസിനസുകാര്‍ക്ക് ലാഭം നല്‍കുന്ന ഒരു വലിയ വിപണി കൂടെയാണ് പാകിസ്ഥാന്‍.
പാകിസ്ഥാനുമായി ശക്തമായ നയതന്ത്ര സാന്നിധ്യം നിലനിര്‍ത്തുന്നത് തുടരുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ ആദ്യ ബജറ്റില്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കുന്നതിന് നയതന്ത്ര സാന്നിധ്യം തുടരുമെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം പാകിസ്ഥാനുള്ള യുഎസ് സഹായം 53.4 കോടി ഡോളറായിരുന്നു. ഇതില്‍ 22.5 കോടി വിദേശ സൈനിക സഹായമായിരുന്നു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സാമ്പത്തിക സഹായത്തിന് പുറമേ അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ക്കായും അമേരിക്കയില്‍ നിന്നും പാകിസ്ഥാന് ധനസഹായം ലഭിക്കുന്നുണ്ട്.
Post Your Comments