
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പോലീസുകാര്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിര്‍ബന്ധിത യോഗ പരിശീലനത്തെ സംബന്ധിച്ച് പുതിയ ഉത്തരവിറങ്ങി. നിര്‍ബന്ധിത യോഗ പരിശീലനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാർ ഉത്തരവിട്ടു. ഇതോടെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ നടത്തി വന്നിരുന്ന യോഗ പരിശീലനം അവസാനിപ്പിച്ചു.
2015 ഏപ്രില്‍ ഒന്നു മുതലായിരുന്നു രാജ്യത്തെ പോലീസുകാര്‍ക്ക് നിര്‍ബന്ധിത യോഗ പരിശീലനം ഏര്‍പ്പെടുത്തിയത്. ഏറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയതായിരുന്നു ഈ ഉത്തരവ്. ഇതിനിടെ ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരുന്ന കാലത്ത് 2016 ഡിസംബര്‍ 27 നായിരുന്നു കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ യോഗ നിര്‍ബന്ധമാക്കി ഉത്തരവിറക്കിയത്.
ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ നേതാക്കളും കേരളത്തില്‍ യോഗ പരിശീലനത്തിനെതിരെ രംഗത്ത് വന്നിരുന്നു. ആഴ്ചയില്‍ ഒരു ദിവസം സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും യോഗ നിര്‍ബന്ധമാക്കിയായിരുന്നു ഡിജിപി ഉത്തരവിറക്കിയത്. യോഗയില്‍ പങ്കെടുക്കാത്ത ഓഫീസര്‍മാരുടെ വിവരങ്ങള്‍ എസ്‌ഐമാര്‍ എസ്പിക്ക് കൈമാറണമെന്നുള്‍പ്പെടെയുള്ള നിബന്ധനകളോടെയായിരുന്നു കേരളത്തിലെ യോഗ പരിശീലനം.
രാജ്യത്തെ ഭൂരിഭാഗം പോലീസ് സ്റ്റേഷനിലും യോഗ അഭ്യസിപ്പിച്ചിരുന്നത് ശ്രീ ശ്രീ രവിശങ്കറിന്റെയും ബാബാ രാംദേവിന്റെയും സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ജീവനക്കാരായിരുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരമാണ് പോലീസ് സ്റ്റേഷനുകളിൽ യോഗ പരിശീലനം നടപ്പിലാക്കിയതെന്നും. പദ്ധതി അവസാനിച്ചതിനാല്‍ യോഗ പരിശീലനവും അവസാനിപ്പിക്കുന്നെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.
Post Your Comments