മലപ്പുറം: മുത്തലാക്ക് സംബന്ധിച്ച വാദം സുപ്രീംകോടതിയില്‍ കാര്യമായി പുരോഗമിക്കേ മലപ്പുറത്ത് രജിസ്റ്റേർഡ് കത്തുവഴി മുത്തലാഖ്. എന്നാൽ ഈ രജിസ്റ്റേർഡ് മുത്തലാഖ് ഭാര്യ അംഗീകരിക്കാൻ തയ്യാറാകാതെ വന്നതോടെ കുടുംബകോടതിയിൽ കേസ് എത്തുകയായിരുന്നു. തുടർന്ന് കുടുംബകോടതി കേസ് പരിഗണിക്കുകയും വിവാഹമോചനം നടത്താൻ മതിയായ കാരണമില്ലെന്നു കണ്ടെത്തുകയുമായിരുന്നു.
അതിനെ തുടർന്ന് അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി അലിഫൈസി പാവണ്ണയുടെ മൊഴി ചൊല്ലല്‍ കുടുംബ കോടതി റദ്ദാക്കുകയും ചെയ്തു.മുതുവല്ലൂര്‍ സ്വദേശിനി ജമീലയെ ആണ് അലിഫൈസി മൊഴിചൊല്ലി രജിസ്റ്റേർഡ് അയച്ചത്.അലിഫൈസി പാവണ്ണയുടെ മൊഴി ചൊല്ലല്‍ ഭാര്യ ജമീല അംഗീകരിക്കാതെ കോടതിയെ സമീപിച്ചപ്പോൾ തന്‍റെ തലാക്ക് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അലി ഫൈസി നല്‍കിയ അപേക്ഷയാണ് കുടുംബ കോടതി തള്ളിയത്.
ജമീലയെ നാലുവർഷം മുൻപേ താൻ മൊഴി ചൊല്ലിയതാണെന്നും കോടതി ഇടപെട്ടു താൻ ചിലവിനു നൽകുന്നുണ്ടെന്നും അലിഫൈസി പറഞ്ഞു. ഇപ്പോൾ തുക കൂട്ടിക്കിട്ടുന്നതിനായാണ് ജമീല വീണ്ടും കോടതിയെ സമീപിച്ചതെന്നും അലിഫൈസി കുടുംബ കോടതിയിൽ പറഞ്ഞു. എന്നാൽ അലിഫൈസി മറ്റു വിവാഹവും കഴിച്ചിട്ടുണ്ടെന്നും വിവാഹമോചനംനേടിയിട്ടുണ്ടെന്നും വാദിച്ച ജമീലയുടെ അഭിഭാഷകന്‍ ഭാര്യയ്ക്ക് ചെലവിനു കൊടുക്കുന്നതില്‍ നിന്നും രക്ഷപ്പെടാനാണ് ഇയാൾ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നതെന്നു വാദിച്ചു.
തലാഖ് നിയമ പ്രകാരം മധ്യസ്ഥരുടെ സാന്നിധ്യത്തിലാണോ തലാഖ് നടന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാനും അലൈഫൈസിക്ക് കഴിഞ്ഞില്ല. തുടർന്ന് കോടതി മുത്തലാഖ് റദ്ദാക്കുകയായിരുന്നു.
Post Your Comments