ആലപ്പുഴ : കുടുംബ കോടതി വളപ്പില്‍ വിവാഹ മോചനക്കേസിനെത്തിയ കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. ഭാര്യയെ ഭര്‍ത്താവ് നിലത്തിട്ട് ചവിട്ടി. ഇരു കുടുംബത്തിലെയും അംഗങ്ങള്‍ കൂടി ചേര്‍ന്നതോടെ അരമണിക്കൂറോളം കോടതി വളപ്പില്‍ പൊലീസിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ചേര്‍ത്തല കുടുംബ കോടതി വളപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
Read Also: ഭാര്യ കൂട്ടബലാത്സംഗത്തിനിരയായി: ദമ്പതികൾ ജീവനൊടുക്കി, രണ്ട് പേർ അറസ്റ്റില്‍
വിവാഹ മോചനത്തിനൊടുവില്‍ കുട്ടികളെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കമുണ്ടായത്. രണ്ട് കുട്ടികളെയും ഭര്‍ത്താവിന് കൈമാറാന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ ഭാര്യ ഇതിന് തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. ഇതാണ് കൈയാങ്കളിയിലും സംഘര്‍ഷത്തിലും കലാശിച്ചത്. ഭാര്യയും നാത്തൂനും തമ്മില്‍ തുടങ്ങിയ കയ്യാങ്കളിയില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും കൂടി ചേര്‍ന്നതോടെ കൂട്ടയടിയായി. ഇതിനിടെ നിലത്തുവീണ ഭാര്യയെ ഭര്‍ത്താവ് നിലത്തിട്ട് ചവിട്ടി.
കൈയാങ്കളി കൈവിട്ടുപോയതോടെ ഇരുവരെയും പിടിച്ചുമാറ്റി രംഗം ശാന്തമാക്കുകയായിരുന്നു. ഭാര്യ നിലത്തിട്ട് ചവിട്ടിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഭര്‍ത്താവ് ഗിരീഷിനെതിരെ ചേര്‍ത്തല പൊലീസ് കേസെടുത്തു. ഒന്നര വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് ഇവര്‍ വിവാഹിതരായത്. കോടതി വളപ്പില്‍ നാലാം തവണയാണ് ഇവര്‍ തമ്മില്‍ അടിയുണ്ടാകുന്നത്. കഴിഞ്ഞ മൂന്നുതവണയും അടിപിടിയില്‍ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ കോടതിയില്‍ വെച്ചുണ്ടായ അടിപിടിയില്‍ അഭിഭാഷകര്‍ക്കടക്കം മര്‍ദ്ദനമേറ്റിരുന്നു. ഇതോടെ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസ് ചേര്‍ത്തല കുടുംബ കോടതിയിലേക്ക് മാറ്റിയത്.
Post Your Comments