Latest NewsInternational

ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ

ബ്രസ്സല്‍സ് : ഫെയ്‌സ്ബുക്കിന് 800 കോടി രൂപ പിഴ. വാട്‌സ്ആപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് യൂറോപ്യന്‍ യൂണിയന്‍ 11 കോടി യൂറോ (ഏകദേശം 800 കോടി രൂപ) പിഴയിട്ടത്. യൂറോപ്യന്‍ യൂണിയന്റെ എല്ലാ നിയമങ്ങളും കമ്പനികള്‍ പാലിക്കണമെന്ന സന്ദേശമാണ് പിഴയിലൂടെ നല്‍കുന്നതെന്ന് യൂറോപ്യന്‍ യൂണിയന്‍ കോംപറ്റീഷന്‍ കമ്മിഷണര്‍ പറഞ്ഞു. വാട്‌സ്ആപ്പ് ഏറ്റെടുത്തത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഫെയ്‌സ്ബുക്കിന് വന്‍തുക പിഴയിട്ടിരിക്കുന്നത്.

റ്റെടുക്കുന്ന സമയത്ത് ഫെയ്‌സ്ബുക്ക് ഉപയോക്തൃ അക്കൗണ്ടുകളും വാട്‌സ്ആപ്പ് അക്കൗണ്ടുകളും ഓട്ടോമേറ്റഡ് ആയി ബന്ധിപ്പിക്കാനുള്ള സംവിധാനം കൊണ്ടുവരില്ല എന്നാണ് ഫെയ്‌സ്ബുക്ക് അറിയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ ഓഗസ്റ്റില്‍ സ്വകാര്യതാനയത്തില്‍ വാട്‌സ്ആപ്പ് വരുത്തിയ മാറ്റം ഇതിനെതിരാണെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കണ്ടെത്തല്‍. വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ അവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് പുതിയ അപ്‌ഡേഷനില്‍ ഉണ്ടായിരുന്നത്.

അതേസമയം, അന്വേഷണത്തില്‍ കമ്മിഷനുമായി സഹകരിച്ചെന്നും തെറ്റായ വിവരം നല്‍കിയത് മന:പൂര്‍വമല്ലെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. പിഴയോടെ വിഷയത്തില്‍ മറ്റു നടപടികള്‍ ഉണ്ടാകില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചതായും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറയുന്നു. 2014ലാണ് 1900 കോടി ഡോളറിന് വാട്‌സ്ആപ്പ് ഏറ്റെടുത്ത ഫെയ്‌സ്ബുക്ക് നടപടിയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്. സോഷ്യല്‍ മീഡിയ രംഗത്തെ മത്സരത്തെ ഇത് പ്രതികൂലമായി ബാധിക്കില്ലെന്ന് കണ്ടായിരുന്നു ഏറ്റെടുക്കല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button