കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ട്വിറ്ററിലൂടെ വ്യാജദൃശ്യം പ്രചരിപ്പിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. രാഷ്ട്രീയസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസ്. കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുശേഷം സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരിൽ കുമ്മനം രാജശേഖരൻ ട്വിറ്ററിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകം ആഘോഷമാക്കുന്ന സിപിഎം പ്രവർത്തകരുടേതെന്നു വിശദീകരിച്ചാണ് കുമ്മനം രാജശേഖരൻ ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. സന്ധ്യയ്ക്ക് ഒരു സംഘം പ്രവർത്തകർ റോഡിലൂടെ ചെണ്ട കൊട്ടി നൃത്തം ചെയ്തു നടന്നുനീങ്ങുന്നതാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യം. ആർഎസ്എസുകാരനായ ബിജുവിന്റെ തല കൊയ്ത ശേഷം കണ്ണൂർ കമ്യൂണിസ്റ്റുകൾ ആഘോഷിക്കുന്നു എന്നായിരുന്നു ദൃശ്യത്തിനൊപ്പം നൽകിയ കുറിപ്പ്.
എസ്എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസ് കുമ്മനത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം, ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടർന്ന് കുമ്മനം പോസ്റ്റ് ചെയ്ത ദൃശ്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഡിജിപി ടി.പി. സെൻകുമാർ കണ്ണൂർ എസ്പി ശിവ വിക്രത്തിന് നിർദേശം നൽകിയിരുന്നു.
അതേസമയം, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. അതിന്‍റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നും ജയിലില്‍ പോകാൻ തയാറാണെന്നും കുമ്മനം കൊച്ചിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments