തിരുവനന്തപുരം: വിജിലൻസ് ഡയറക്‌ടർ ലോകനാഥ് ബെഹ്‌റ ആ സ്ഥാനത്ത് എത്തിയതിനു ശേഷം നിരവധി കേസുകൾ റദ്ദാക്കിയതായി ആക്ഷേപം. അനധികൃത സ്വത്തു സമ്പാദനക്കേസിൽപ്പെട്ട മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ടോം ജോസ് അടക്കമുള്ള പല ഉന്നതര്‍ക്കും ബെഹ്റ ക്ളീൻ ചിറ്റ് നല്കിയതായാണ് ആരോപണം. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് കർശനമായി നടപടിയെടുത്ത പല കേസുകളും ബെഹ്റ നിസ്സാരവൽക്കരിച്ചതായാണ് അറിയുന്നത്.
വിജിലൻസിലെ ഇത്തരം അലസതയിൽ ജീവനക്കാർക്ക് പോലും പരാതി ശക്തമായിട്ടുണ്ട്. ബെഹ്‌റ പോലീസ് മേധാവിയായിരിക്കെ വാങ്ങിയ ലാത്തിയെക്കുറിച്ചും ആക്ഷേപമുണ്ട്. ലോ അക്കാദമി സമരത്തിൽ ഉപയോഗിച്ച ലാത്തി ഒടിഞ്ഞു പല സമരക്കാരുടെയും ശരീരത്തിൽ കുത്തിയിറങ്ങിയതായും ഈ പോളി കാര്‍ബണേറ്റഡ് ലാത്തികള്‍ ക്യാമ്പുകളിലേക്ക് മാറ്റിയെന്നുമാണ് ഒരു വിവാദം.
ഉത്തരേന്ത്യൻ കമ്പനികളിൽ നിന്ന് വാങ്ങിക്കൂട്ടിയ ഇവയ്ക്കു യാതൊരു ഗുണമേന്മയില്ലെന്നും ആരോപണമുണ്ട്. കൂടാതെ കലാപ നിയന്ത്രണ സാമഗ്രികളായ 80 ഓളം സാധനങ്ങള്‍ വാങ്ങിയതില്‍ മിക്കതിനും യാതൊരു രേഖയുമില്ലെന്നും പറയപ്പെടുന്നു.ഇതിൽ തന്നെ പലതും വാങ്ങിയത് ടെന്‍ഡര്‍, എസ്റ്റിമേറ്റ്, കരാര്‍ ഇവയൊന്നുമില്ലാതെയാണ്.ഇതിനായുള്ള പർച്ചേസ് കമ്മിറ്റി പോലും വിളിച്ചു ചേർത്തില്ലെന്നും യാതൊരു രേഖയുമില്ലെന്നും മറ്റുമാണ് പുതിയ ആരോപണങ്ങൾ.
Post Your Comments