തിരുവനന്തപുരം: നെയ്യാറ്റിൻകര, ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ ആറയൂർ വാർഡിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാർഡ്മെമ്പർ സ്വന്തം നിലയിൽ ആരംഭിച്ച ജലവിതരണം രണ്ടുമാസം പിന്നിടുന്നു. ചെങ്കൽ പഞ്ചായത്തിലെ ആറയൂർ വാർഡ് കോൺഗ്രസ് പാർട്ടിയെ പ്രതിനിധാനം ചെയ്യുന്ന മെമ്പർ ഷിബുവാണ് ദിവസവും രണ്ടായിരത്തി അഞ്ഞൂറോളം രൂപ ചെലവിട്ട് പന്ത്രണ്ടായിരം ലിറ്റർ വെള്ളം നാട്ടുകാർക്ക് എത്തിക്കുന്നത്.
ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് വേനലെത്തിയതോടെ കിണറുകൾ വറ്റുകയും, വാർഡിലെ ഏതാനും ഭാഗത്ത് മാത്രമുള്ള പൈപ്പ് കണക്ഷനിൽ വിതരണം പരിമിതമായതോടെയാണ് പ്രദേശവാസികൾ വാർഡ് അംഗത്തെ സമീപിച്ചത്. വെള്ളമെത്തിക്കണമെന്ന ജനപ്രതിനിധിയുടെ ആവശ്യം പഞ്ചായത്ത് ഭാരവാഹികൾ നിരാകരിച്ചതിനെത്തുടന്നാണ് സ്വന്തം ചെലവിൽ വെള്ളമെത്തിക്കാൻ നീക്കമാരംഭിച്ചത്. കഴിഞ്ഞ മാർച്ച് 15 മുതൽ ആരംഭിച്ച വിതരണം മഴയെത്തി ജലലഭ്യത ഉറപ്പുവരുന്നതുവരെ തുടരാനാണ് ഷിബുവിന്റെ തീരുമാനം. വാർഡിലെ വിവിധഭാഗങ്ങളിലായ് നാനൂറോളം കുടുംബങ്ങൾക്ക് ദിവസവും വെള്ളം എത്തിക്കുന്നുണ്ട്.
വെള്ളം, വാഹനം, ജോലിക്കാരുടെ വേതനം എന്നിവയടക്കം ദിവസവും രണ്ടായിരത്തി അഞ്ഞൂറോളം രൂപയാണ് ചെലവ് വരുന്നത്. സമീപ വാർഡുകളിൽ നിന്നുപോലും വെള്ളമെടുക്കാൻ ഒട്ടേറെ ആളുകൾ എത്തുന്നു.
ജലക്ഷാമം പരിഹരിക്കാൻ ടാങ്കറിൽ വെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം പഞ്ചായത്തുകൾക്കു മാസങ്ങൾക്കു മുമ്പേ നിർദേശം നൽകിയെങ്കിലും തനതു ഫണ്ടിൽ നിന്നും തുക നൽകേണ്ടതിനാൽ ഭൂരിഭാഗം പഞ്ചായത്തുകളും ക്ഷാമം കടുത്തിട്ടും വിതരണം ചെയ്യാൻ തയാറാകുന്നില്ല, ഇതാണ് പ്രതിസന്ധിക്ക് ഇടയാക്കിയെന്ന് ആരോപണമുണ്ട്.
അനു ലക്ഷ്മി.
പാറശാല.
Post Your Comments