കോട്ടയം : പൂഞ്ഞാര്‍ മണ്ഡലത്തിലെ കോലാഹലമേട്ടില്‍ കൈയേറ്റ ഭൂമിയിലെ നിര്‍മാണങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊളിച്ചു നീക്കി. കൈയേറ്റ ഭൂമിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ നിര്‍മാണങ്ങള്‍ പൊളിച്ചത്. കോലാഹലമേട്ടിലെ വ്യൂ പോയിന്റിന് സമീപമുള്ള ഓറഞ്ച് വാലി റിസോര്‍ട്ടിനോട് ചേര്‍ന്ന നിര്‍മാണങ്ങളാണ് പൊളിച്ചു നീക്കിയത്.
അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ മതിലുകളും കമ്പിവേലികളും ഗേറ്റും പൊളിച്ചു നീക്കുകയായിരുന്നു. റിസോര്‍ട്ടുകള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച എം.ടി രമേശ് സന്ദര്‍ശനം നടത്തിയപ്പോഴും സമാനമായ രീതിയില്‍ കൈയേറ്റ നിര്‍മാണങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അന്ന് അത് പോലീസ് തടയുകയായിരുന്നു. എന്നാല്‍ ഇന്ന് ആക്രമണം തടയാന്‍ പോന്ന പോലീസ് സന്നാഹം അവിടെ ഉണ്ടായിരുന്നില്ല. കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments