തിരുവനന്തപുരം: അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഐ.ടി മേഖലയിൽ ജോലിക്കാരെ പിരിച്ചുവിടുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്. രണ്ടു വര്‍ഷം കൊണ്ട് ഐടി രംഗത്തെ തൊഴില്‍ അവസരം നേരെ പകുതിയായി. ഈ രംഗത്ത് വരും വര്‍ഷങ്ങളില്‍ കനത്ത തിരിച്ചടി നേരിടുമെന്നാണ് സൂചനകള്‍. ഇന്ത്യയിലെ വിവരസാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാര്‍ വന്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകളാണ് നടത്തിയിരിക്കുന്നത്.
സംസ്ഥാനത്തെ ഐടി വരുമാനത്തിന്‍റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് പുറം പണി കരാര്‍. ഈ രംഗത്ത് പുതിയ സാങ്കേതിക വിദ്യകളുടെ വരവും വളര്‍ച്ച കുറയുന്നതും ചെലവുകള്‍ വര്‍ദ്ധിക്കുന്നതും ഓട്ടോമേഷന്‍ ഉപകരണങ്ങളുടെ ഉപയോഗവുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്. 56,000 എഞ്ചിനീയര്‍മാരെയാണ് ഇന്ത്യയിലെ ഏഴ് വന്‍കിട ഐടി സ്ഥാപനങ്ങള്‍ പറഞ്ഞുവിട്ടത്.
അമേരിക്കയില്‍ നിന്നുള്ള പുറംപണി കരാറുകളാണ് ഐടി കമ്പനികളുടെ ഇടപാടുകളില്‍ 70 ശതമാനവും വരുന്നത്. എന്നാല്‍ വിസാ നിയന്ത്രണവും പിന്നീട് അതാതു രാജ്യത്ത് തന്നെ അത് ചെയ്തു തുടങ്ങിയതും തൊഴിലാളികളെ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബ്ബന്ധിതമായി മാറുകയായിരുന്നു.കൂടാതെ ഇതോടൊപ്പം ബിപിഒ കമ്പനികള്‍ ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതും തൊഴിലവസരം കുറച്ചു. ട്രംപിന്‍റെ പുതിയ നയം മൂലം ഐടി കമ്പനികള്‍ക്ക് അമേരിക്കയില്‍ അവിടുത്തെ പൗരന്മാരെ തന്നെ തൊഴിലിനായി എടുക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയിരിക്കുന്നതിന് പുറമേ എച്ച്1ബി വിസ നേടിയ ഇന്ത്യാക്കാരോട് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്‍ഫോസിസ് അടുത്ത രണ്ടു വര്‍ഷം കൊണ്ട് 10,000 അമേരിക്കക്കാരെ എടുക്കും. 18 മാസത്തിനുള്ളില്‍ വിപ്രോ 2,800 അമേരിക്കന്‍ പൗരന്മാരെ ജോലിക്കെടുത്തു. കോഗ്നിസെന്‍റ് തങ്ങളുടെ മൊത്തം തൊഴിലാകളികളില്‍ 2.3 ശതമാനം (6,000 പേര്‍) പേരെ പിരിച്ചു വിടാനൊരുങ്ങുകയാണ്. ബക്കറ്റ് 4 കാറ്റഗറിയിലുള്ളവരെയാണ് നീക്കുക.
ടെക് മഹീന്ദ്രയും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. വരുമാനം കുറഞ്ഞ് നഷ്ടം നേരിടുന്ന സാഹചര്യത്തില്‍ ഫ്ളിപ്പ്കാര്‍ട്ടും 30 ശതമാനം പേരെ ഒഴിവാക്കും. ഇത് ഏറെക്കുറെ 1000 ന് മുകളില്‍ ജീവനക്കാര്‍ ഉണ്ടാകുമെന്നും കരുതുന്നു. ഇന്‍ഫോസിസ് വരും കാലത്ത് 1,000 പേരെയും കളയും. ഡിഎക്സ് സി 170,000 തൊഴിലാളികളില്‍ 10,000 പേരെ ഒഴിവാക്കും. എയര്‍സെല്‍ തങ്ങളുടെ 10 ശതമാനം ജീവനക്കാരായ 700 പേരെ ഫെബ്രുവരിയില്‍ ഒഴിവാക്കും. ടാറ്റാ ടെലി സര്‍വീസ് 600 പേരെ പുറത്താക്കും വിപ്രോ തൊഴിലവസരം ചുരുക്കല്‍ തുടങ്ങിക്കഴിഞ്ഞു.
Post Your Comments