മസ്കത്ത്: ന്യൂനമർദത്തെ തുടർന്ന് ഒമാന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. ബാത്തിന മേഖലയുടെ ഏതാണ്ടെല്ലാ ഭാഗത്തും ശക്തമായ മഴ പെയ്തു. ദാഖിലിയ, ശർഖിയ ഗവർണറേറ്റുകളുടെ വിവിധ ഭാഗങ്ങളിലും കനത്ത മഴയാണ് ഉണ്ടായത്. അമിറാത്തിൽ വാദിയിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു. ഇബ്രയിൽ അഞ്ചുപേരാണ് വാദിയിൽ കുടുങ്ങിയത്. ഇവരെയും രക്ഷിച്ചതായി രാത്രി വൈകി സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് ഇടിയുടെ അകമ്പടിയോടെ മഴയെത്തിയത്.
ഇബ്രയിൽ സന്ധ്യയോടെ തുടങ്ങിയ ഇടിവെട്ടും മഴയും രാത്രിയോടെയാണ് ശമിച്ചത്. ന്യൂനമർദം ഇന്നും തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് മസ്കത്തിലും സലാലയടക്കം സ്ഥലങ്ങളിലും മഴയുണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. അമിറാത്തിലെ വാദി അൽ ഹജറിലാണ് ഉച്ചക്കുശേഷം വാഹനം ഒഴുക്കിൽപെട്ടത്. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് സംഘം വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെയും രക്ഷപ്പെടുത്തി.
റുസ്താഖിൽ ഉച്ചക്കുശേഷം തുടങ്ങിയ മഴ നാലുമണി വരെ ശക്തിയായി പെയ്തു. വൈകുന്നേരത്തോടെ തോർന്നെങ്കിലും സന്ധ്യയോടെ വീണ്ടും ആരംഭിച്ചു. റുസ്താഖ് ടൗണിലടക്കം വെള്ളം പൊങ്ങി. നിരവധിയിടങ്ങളിൽ ചെറിയ വാഹനാപകടങ്ങളുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഖാബൂറയിലും നല്ല മഴ ലഭിച്ചു. നിസ്വയിൽ ശക്തമായ ആലിപ്പഴ വർഷവുമുണ്ടായി. സുവൈഖ്, മുസന്ന ഭാഗങ്ങളിൽ രാത്രിയോടെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു.
Post Your Comments