ഉദിനൂര്‍: വിവാഹ ദിവസം പിന്‍മാറിയ യുവാവിനെതിരെ പോലീസ് കേസെടുത്തു. കിനാത്തില്‍ തോട്ടുകരയിലെ എ.വി ഷിജു(26) വിനെയാണ് വധുവിന്റെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയായിരുന്നു ഷിജുവും പ്രദേശവാസിയായ യുവതിയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നത്. മുഹൂര്‍ത്തമായിട്ടും വിവാഹവേദിയായ തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രത്തില്‍ എത്താതിരുന്ന വരനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണെന്നായിരുന്നു ലഭിച്ച വിവരം. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ ഇയാള്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുന്ന കാഴ്ചയാണ് കണ്ടത്. വരന്റെ വീട്ടുകാര്‍ വിവാഹക്കാര്യത്തെക്കുറിച്ച് അറിഞ്ഞിട്ടുപോലുമുണ്ടായിരുന്നില്ല. ഉടന്‍തന്നെ ഇയാള്‍ക്കെതിരെ വധുവീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ ഇയാള്‍ വിവാഹത്തിന് സമ്മതമല്ലെന്ന നിലപാടില്‍ ഉറച്ചു നിന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
നിര്‍മ്മാണ തൊഴിലാളിയായ യുവാവും യുവതിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഫോണ്‍ വഴിയുള്ള പരിചയം പ്രണയത്തിലായതോടെ വീട്ടുകാരറിയാതെയാണ് ഇയാള്‍ വിവാഹത്തിനിനായുള്ള തീരുമാനമെടുത്തത്. ഇതനുസരിച്ച് ഇരുന്നൂറിലേറെപ്പേര്‍ക്ക് ഭക്ഷണവും വധുവിന്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയിരുന്നു. വഞ്ചനാക്കുറ്റത്തിന് കേസെടുത്ത ഇയാളെ കോടതിയില്‍ ഹാജരാക്കിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
Post Your Comments