തിരുവനന്തപുരം : സെന്‍കുമാറിനെതിരെ നടത്തിയ നീക്കം തിരിച്ചടിച്ചു. ടി.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ മുന്‍നിര്‍ത്തി ചില ഉന്നതര്‍ സംസ്ഥാന പൊലീസ് മേധാവി സെന്‍കുമാറിനെതിരെ നടത്തിയ നീക്കമാണ് തിരിച്ചടിച്ചത്. ജീവനക്കാരിയെ കൊണ്ട് സെന്‍കുമാറിന്റെ നടപടിക്കെതിരെ പരാതി നല്‍കി ഉത്തരവ് റദ്ദാക്കുന്നതു വരെ ചാര്‍ജജ് വിട്ടു പോവാതിരിക്കാന്‍ പ്രേരിപ്പിച്ച ‘ഉന്നത ‘ കേന്ദ്രം ഇനി എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഭരണപക്ഷ എംഎല്‍എയുടെ പരാതിയില്‍ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് ജീവനക്കാരിയെ സ്ഥലം മാറ്റിയതെന്ന് വ്യക്തമായതോടെ സര്‍ക്കാറും ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്.
ഈ ഒരു സാഹചര്യത്തില്‍ ‘ഉന്നത’യുടെ താല്‍പര്യം മാത്രം പരിഗണിച്ച് എടുത്ത് ചാട്ടത്തിന് സര്‍ക്കാര്‍ തയ്യാറാവില്ലെന്നാണ് സിപിഎം കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
സ്ഥലമാറ്റ ഉത്തരവ് ഇനി സര്‍ക്കാര്‍ ഇടപെട്ട് മാറ്റിയാല്‍ അത് പ്രതിപക്ഷത്തിന്റെ കയ്യില്‍ അടിക്കാനുള്ള വടി കൊടുക്കുന്നതിന് തുല്യമാണെന്ന അഭിപ്രായം ഭരണപക്ഷത്തെ പ്രമുഖര്‍ക്കുമുണ്ട്. കൊടുവള്ളി എം.എല്‍.എ കരാട്ട് റസാഖ് തനിക്ക് വധഭീഷണിയുണ്ടെന്ന് കാണിച്ച് പൊലീസിന് നല്‍കിയ പരാതി പൂഴ്ത്തിയതാണ് കുമാരി ബീനയെ ടി ബ്രാഞ്ചില്‍ നിന്ന് മാറ്റാന്‍ കാരണമെന്നാണ് പുറത്തു വന്ന വിവരം. എം എല്‍ എ ജനുവരിയില്‍ പൊലീസ് മേധാവിക്കു നല്‍കിയ പരാതി തുടര്‍ നടപടി സ്വീകരിക്കാതെ ഇപ്പോഴും പൂഴ്ത്തി വച്ചിരിക്കുകയാണെന്ന് സെന്‍കുമാര്‍ കണ്ടെത്തിയതോടെയായിരുന്നു ജൂനിയര്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നത്. ഇതിനുശേഷം എംഎല്‍എയ്ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പിയ്ക്ക് ഉത്തരവ് നല്‍കുകയും ചെയ്തിട്ടുണ്ട്.
സെന്‍കുമാര്‍ വിരോധത്തിന്റെ പേരില്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ ടി സെക്ഷന്‍ ഉദ്യോഗസ്ഥ ചെയ്ത തെറ്റിനെ കണ്ടില്ലെന്ന് നടിക്കാന്‍ പറ്റില്ലെന്ന നിലപാട് ഭരണപക്ഷ എം എല്‍ എ മാര്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു. സെന്‍കുമാര്‍ ചാര്‍ജ്ജെടുക്കുന്നതിന് തൊട്ടു മുന്‍പ് ഇത്തരത്തില്‍ ഒരു ഉത്തരവിറക്കിയത് പരിശോധിക്കാന്‍ പൊലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെയാണ് സെന്‍കുമാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് നടപടികളും പകപോക്കല്‍ നടപടിയായി ചിത്രീകരിക്കപ്പെടുകയും സ്ഥലമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരി സര്‍ക്കാറിന് പരാതി നല്‍കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഇതുസംബന്ധമായ വിശദാംശങ്ങളും തെളിവ് സഹിതം പുറത്തായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ സെന്‍കുമാറിന്റെ ഉത്തരവ് വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് തന്നെ ഒടുവില്‍ രാത്രി യാഥാര്‍ത്ഥ്യം പുറത്തുവിടേണ്ടിയും വന്നു.
വിവാദ ഉത്തരവുകള്‍ മുന്‍നിര്‍ത്തി സെന്‍കുമാറിനെ പ്രഹരിക്കാമെന്ന ‘ഉന്നത’യുടെ കണക്കുകൂട്ടലാണ് ഇതോടെ പാളിയിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ളവരെ നേരത്തെ പുറ്റിങ്ങല്‍ വെടിക്കെട്ട്, ജിഷ കേസുകളില്‍ തെറ്റിധരിപ്പിച്ച കേന്ദ്രങ്ങള്‍ തന്നെയാണ് ഇപ്പോഴും പുതിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലെന്ന വികാരമാണ് സംസ്ഥാന പൊലീസ് മേധാവിക്കുള്ളത്. അതുകൊണ്ട് തന്നെ തന്റെ നിലപാടില്‍ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറുമല്ല. കൃത്യമായ പ്രതിരോധം തീര്‍ത്ത നീക്കമാണ് സംസ്ഥാന പൊലീസ് മേധാവി ഇപ്പോള്‍ നടത്തിയതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സര്‍ക്കാറുമായി ഒരു ഏറ്റുമുട്ടലിനും ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറിക്കെതിരെ സെന്‍കുമാര്‍ നിയമ പോരാട്ടം തുടരുമെന്ന് തന്നെയാണ് വിവരം. പുറ്റിങ്ങല്‍ സംഭവത്തിലെ റിപ്പോര്‍ട്ടിലെ ക്രമക്കേട് സുപ്രീം കോടതിക്കു വരെ ബോധ്യപ്പെട്ടതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ വിരമിച്ചാലും നിയമ നടപടിയുമായി മുന്നോട്ടു പോകാനാണ് തീരുമാനം.
Post Your Comments