തിരൂരങ്ങാടി•കൂട്ടുകാരന് വിളിച്ച നമ്പര്‍ റോംഗ് നമ്പറായി മാറിയപ്പോള്‍ ലഭിച്ചത് ഐജിക്ക്. അമളി പറ്റിയതറിയാതെ ഐജിയെ ചീത്ത വിളിച്ച വിദ്യാർഥിക്ക് അര്‍ദ്ധരാത്രി എട്ടിന്‍റെ പണികിട്ടി. കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയായ വിദ്യാർത്ഥി കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തന്‍റെ സുഹൃത്തിനെ മൊബൈലിലേക്കു വിളിക്കുകയും, എന്നാൽ ഡയല്‍ ചെയ്ത നമ്പറില്‍ ഒരക്കം മാറി ഫോൺ ലഭിച്ചത് തിരുവനന്തപുരത്ത് ഐജിക്കുമായിരുന്നു. ഫോണെടുത്ത ഐജി താൻ ഐജിയാണെന്നു പറഞ്ഞെങ്കിലും സുഹൃത്തിന്‍റെ നമ്പറിലേക്കാണ് വിളിച്ചതെന്ന് ഉറപ്പുള്ളതിനാൽ ഇയാൾ സുഹൃത്ത് തന്നെ കളിയാക്കാൻവേണ്ടി പറഞ്ഞതാവുമെന്ന് കരുതി താന്‍ ‘ഏത് കോപ്പിലെ ഐജിയെ’ ന്നും തന്നെക്കാൾ വലിയവരെ കണ്ടിട്ടുണ്ടെന്നും അങ്ങ് കാച്ചി. ഐജി ഉടൻതന്നെ വിളിച്ച നമ്പറിലെ മേൽവിലാസം എടുത്ത് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറി. എന്നാൽ രാത്രി ഒന്നരയോടെ തിരൂരങ്ങാടി പൊലീസ് വീട്ടിലെത്തി പൊക്കിയപ്പോഴാണ് വിദ്യാര്‍ഥിക്ക് മനസ്സിലായത് താന്‍ വിളിച്ചത് യഥാർഥ ഐജിയെ തന്നെയാണ് എന്ന്. പിതാവിന്‍റെ മേൽവിലാസത്തിലെടുത്ത സിം ആയിരുന്നു വിദ്യാര്‍ത്ഥി ഉപയോഗിച്ചിരുന്നത്. സിം ഉടമയെ തേടി പൊലീസ് അന്വേഷിച്ചു വീട്ടിലെത്തി നമ്പർ കാണിച്ചു കൊടുത്തപ്പോഴാണ് മകൻ ഉപയോഗിക്കുന്ന സിമ്മാണെന്നറിഞ്ഞത്. ഐജിയെ വിളിച്ചതിന് പിതാവും മകനും രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിയേണ്ടി വന്നെങ്കിലും അബദ്ധം പറ്റിയതാണെന്നു മനസ്സിലായ പൊലീസ് ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന വ്യവസ്ഥയില്‍ രാവിലെ വിട്ടയച്ചു.
-വികെ ബൈജു.
Post Your Comments