പഴയന്നൂർ: പിടികിട്ടാപ്പുള്ളിയെന്ന് കരുതി യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെന്നൂർ കുന്നത്ത് സജീഷിനെ (30)യാണ് ചെറുതുരുത്തി പോലീസ് ആളുമാറി അറസ്റ്റ് ചെയ്തത്. കോഴിക്കോട് ഫറോക്കിൽ ചെരുപ്പു നിർമാണ തൊഴിലാളിയായ സജീഷ് പണിസ്ഥലത്തേക്കു പോകാനെത്തിയപ്പോൾ ഇന്നലെ രാവിലെ എട്ടരയോടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനു മുന്നിൽ വച്ചാണു രണ്ടു പോലീസുകാർ ചേർന്നു വിലങ്ങു വച്ചു ജീപ്പിൽ കയറ്റി കൊണ്ടുപോയത്. ജീപ്പിലും സ്റ്റേഷനിലും വെച്ച് മര്‍ദനമേറ്റ യുവാവിന് ഗുരുതരപരിക്കേറ്റു. ആളുമാറിയെന്ന് മനസ്സിലായതോടെ രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് യുവാവിനെ വിട്ടയച്ചത്.
മൂത്രമൊഴിക്കാനാകാതെ യുവാവ് ചേലക്കര ഗവ. ആസ്പത്രിയിലും തുടര്‍ന്ന് തൃശ്ശൂരില്‍ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ഇന്റർസിറ്റി എക്സ്പ്രസിൽ കോഴിക്കോട്ടേക്കു പോകാൻ ടിക്കറ്റ് എടുത്ത ശേഷം റെയിൽവേ സ്റ്റേഷനു പുറത്തെ ഹോട്ടലിൽനിന്നു ചായ കുടിച്ചു പുറത്തിറങ്ങി നിൽക്കുമ്പോൾ കാവി മുണ്ടും ഷർട്ടും ഇട്ട ഒരാൾ പെട്ടെന്നു പിറകിലൂടെ വന്നു കോളറിൽ പിടികൂടുകയും യൂണിഫോം ഇട്ട മറ്റൊരാൾ മുന്നിലൂടെ എത്തി കുത്തിപ്പിടിക്കുകയും ചെയ്തെന്നാണു സജീഷ് പറയുന്നത്.
ഇരുവരും ചേർന്നു ‘നീ പട്ടി ചാക്കോ അല്ലെടാ’ എന്നു ചോദിക്കുകയായിരുന്നു. അല്ലെന്ന് പറഞ്ഞിട്ടും ബലം പ്രയോഗിച്ച് വിലങ്ങുവെച്ച് പോലീസ് ജീപ്പില്‍ എടുത്തിട്ട് മര്‍ദിച്ചതായാണ് സജീഷ് പറയുന്നത്. ചെറുതുരുത്തി സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിലിട്ടും മര്‍ദിച്ചു. ഒടുവില്‍ ഫോട്ടോ എടുത്ത് പച്ച ചാക്കോയാണെന്ന് കാണിച്ച് പലര്‍ക്കും അയച്ചുകൊടുത്തു. ഒടുവില്‍ ആളുമാറിയെന്ന് ബോധ്യമായതോടെ പല കടലാസുകളിലും ഒപ്പിട്ടു വാങ്ങി വിട്ടയയ്ക്കുകയായിരുന്നുവെന്ന് സജീഷ് പറഞ്ഞു.
Post Your Comments