വിഴിഞ്ഞം: ആഴിമല ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പതിനൊന്നുകാരിയുടെ മൃതദേഹം കിട്ടി.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ബാലരാമപുരം താന്നിവിള സതീഷ് -സന്ധ്യ ദമ്പതികളുടെ മകള്‍ ശരണ്യയെ കടലില്‍ കാണാതായത്. ജെല്ലിപ്പാറ മൗണ്ട് കാര്‍മല്‍ സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിനി യാണ് ശരണ്യ. ചെറിയമ്മയായ ആതിരയ്ക്കൊപ്പം തിരയില്‍ കാല്‍ നനച്ചു നില്‍ക്കവെ പെട്ടെന്നെത്തിയ ശക്തമായ തിരയില്‍ ശരണ്യയും ആതിരയും ഒഴുക്കില്‍പ്പെടുകയായിരുന്നു.ആതിര നീന്തി രക്ഷപ്പെട്ടെങ്കിലും ശരണ്യയെ രക്ഷിക്കാനുള്ള ബന്ധുക്കളുടെ ശ്രമം വിജയിച്ചില്ല.
പിതാവിന്റെ നാടായ പാലക്കാട് താമസിക്കുന്ന ശരണ്യ ബാലരാമപുരത്തു മാതാവിന്റെ വീട്ടിൽ വേനലവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന് രാവിലെ ഏഴരയോടെ കരയില്‍ നിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ ഒഴുകി നടക്കുകയായിരുന്നു മൃതദേഹം . മൃതശരീരം വിഴിഞ്ഞം പോലീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. വിഴിഞ്ഞം കോസ്റ്രല്‍ പൊലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് , വിഴിഞ്ഞം പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തിയത്.
Post Your Comments