KeralaLatest NewsNews

കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിപ്പിക്കുന്നു

കൊച്ചി: കെ.എം. മാണി പ്രതിയായ ബാർകോഴക്കേസ് അവസാനിപ്പിക്കുന്നു. കുറ്റപത്രം സമർപ്പിക്കാൻ ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന കാരണത്താലാണ് കേസ് അവസാനിപ്പിക്കുന്നത്. തെളിവു നൽകേണ്ടവർ അതിന് തയാറാകാത്ത സാഹചര്യത്തിലാണ് കേസ് എങ്ങുമെത്താതെ അവസാനിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് കെ.എം. മാണിയെ പ്രതിയാക്കി കുറ്റപത്രം നൽകാൻ മതിയായ തെളിവില്ല എന്നു കാണിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയ കേസിന് ഭരണമാറ്റത്തോടെയാണ് വീണ്ടും ജീവൻവച്ചത്. വിജിലൻസ് ഡയറക്ടറായി ജേക്കബ് തോമസിനെ രണ്ടാമത് നിയമിച്ചതോടെ വീണ്ടും അന്വേഷണമായി. പുതിയ തെളിവുകൾ പുറത്തുവരുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിക്കാതെ കഴിഞ്ഞ പതിനൊന്നു മാസമായി അന്വേഷണം കടലാസിൽ ഒതുങ്ങിയിരിക്കുകയാണ്. ബാർകോഴ ആരോപണം പുറത്തുവിട്ട ബാർ ഉടമയായ ബിജു രമേശും അദ്ദേഹത്തിന്റെ ഡ്രൈവർ അമ്പിളിയും ആദ്യം നൽകിയ വിവരങ്ങളല്ലാതെ കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടുമില്ല.

ബിജു രമേശ് മൊഴി നൽകിയതിൽ കെ.എം. മാണിക്കു പണം എത്തിച്ച് നൽകിയവരെ കുറിച്ച് പറഞ്ഞിരുന്നു. എന്നാൽ ഇവരെല്ലാം അതു നിഷേധിച്ചിരുന്നു. ഭരണം മാറിയാൽ ബാറുടമകള്‍ ചിലതെല്ലാം തുറന്നുപറയുമെന്ന് കരുതിയവർക്കും തെറ്റി. വിജിലൻസ് ഡയറക്ടറായി എത്തിയതിന് പിന്നാലെ ജേക്കബ് തോമസ് നേരിട്ടും ബാറുടമകളിൽ ചിലരെ ബന്ധപ്പെട്ടു. കോട്ടയത്തെ ജേക്കബ് കുര്യൻ, പൊൻകുന്നത്തെ സാജു ‍‍ഡൊമിനിക് എന്നിവരെ വിജിലൻസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മാണിക്കെതിരെ തെളിവ് നൽകണമെന്ന് ആവശ്യപ്പെട്ടു.

ഇതിനു പിന്നാലെയാണ് കോടതിയിൽ തുടരന്വേഷണത്തിന് അപേക്ഷ നൽകിയത്. തെളിവില്ലെന്ന് മുൻപ് റിപ്പോർട്ട് നൽകിയ എസ്പി: എസ്. സുകേശനെ മാറ്റി പുതിയ അന്വേഷണ ഉദ്യോഗസ്ഥനെയും നിയമിച്ചു. ഇത്രയായിട്ടും ഒരു തെളിവും പുറത്തുവന്നില്ല. മുന്നോട്ടുപോയിട്ട് കാര്യമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനും നിലപാട് അറിയിച്ചെങ്കിലും കേസ് അവസാനിപ്പിക്കാൻ ജേക്കബ് തോമസ് അനുമതി നൽകിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button