ഇസ്ളാമാബാദ്: 305 യാത്രക്കാരുടെ ജീവന് പന്താടി ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെ ഉറങ്ങിയ പൈലറ്റിനെ പാകിസ്ഥാനില്‍ ജോലിയില്‍ നിന്ന് നീക്കി.കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം. ഇസ്ലാമാബാദില് നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.പാകിസ്ഥാന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പൈലറ്റ് അമീര്‍ അക്തര്‍ ഹാഷ്മിയാണ് രണ്ടര മണിക്കൂര്‍ ബിസിനസ് ക്ളാസില്‍ കിടന്നുറങ്ങിയത്.
വിമാനം പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ നിയന്ത്രണം ട്രെയ്നി പൈലറ്റിനെ ഏല്‍പ്പിച്ച ശേഷം മുഖ്യ പൈലറ്റ് ആയിരുന്ന ആമിര്‍ അക്തര്‍ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു.ഹാഷ്മി ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ യാത്രക്കാരില്‍ ഒരാള്‍ സോഷ്യല്‍ മീഡിയ വഴി അത് പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.ഇതോടെ ഹാഷ്മിയുടെ ജോലി നഷ്ടമായി.ഹാഷ്മിക്കൊപ്പം മുഖ്യഓഫീസറായ അലി ഹസന് യസ്ദാനിയും ട്രെയ്നി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
ട്രെയ്നി പൈലറ്റിന് പരിശീലനം നല്‍കുന്നതിന്റെ ചുമതല ഹാഷ്മിക്കാണ്. ഇതില്‍ നിന്നു മാത്രം ഒരു ലക്ഷം രൂപ ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്.അതേസമയം, പാകിസ്ഥാന് എയര്‍ലൈന്‍സ് പൈലറ്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റായിരുന്ന ഹാഷ്മിക്കു നേരെ നടപടിയെടുക്കാന്‍ ആദ്യം അധികൃതര്‍ തയ്യാറായിരുന്നില്ല. പിന്നീട് ഉന്നത വൃത്തങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായതോടെ അധികൃതർ നടപടിയെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു.സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു.
Post Your Comments