ഇസ്‌ലാമാബാദ്: ജയ്ഷ്-ഇ-മുഹമ്മദ് ഭീകരൻ ഷാഹിദ് ലത്തീഫ്, ലഷ്കർ-ഇ-തൊയ്ബ ഭീകരൻ റിയാസ് അഹമ്മദ് എന്നിവരെ പാക്കിസ്ഥാനില്‍വച്ച് കൊലപ്പെടുത്തിയത് ഇന്ത്യൻ ഏജന്‍റുമാരാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ.
പാക് വിദേശകാര്യ സെക്രട്ടറി സൈറസ് സജ്ജാദ് ഖാസിയാണ് ആരോപണം ഉന്നയിച്ചത്. ഇതിനു വിശ്വസനീയമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജയ്ഷ്-ഇ-മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്‍റെ ഉറ്റ അനുയായി ആയ ഷാഹിദ് ലത്തീഫ് 2023 ഒക്‌ടോബര്‍ 11നു സിയാല്‍കോട്ടിലെ മോസ്കില്‍വച്ചാണു കൊല്ലപ്പെട്ടത്. ലഷ്കർ ഭീകരനായ റിയാസ് അഹമ്മദ് 2023 സെപ്റ്റംബർ എട്ടിന് പാക് അധിനിവേശ കാഷ്മീരിലെ റാവല്‍കോട്ടിലെ മോസ്കിലാണു കൊല്ലപ്പെട്ടത്. അജ്ഞാത സംഘം വെടിവച്ചു കൊല്ലുകയായിരുന്നു. 2023 ജനുവരി ഒന്നിന് കാഷ്മീരിലെ ധാൻഗ്രിയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്നു റിയാസ്.
പാക്കിസ്ഥാന്‍റെ ആരോപണം തള്ളി വിദേശകാര്യ വക്താവ് രണ്‍ധീർ ജയ്സ്വാള്‍ രംഗത്തെത്തി. തെറ്റായതും വിദ്വേഷജനകവുമായ ഇന്ത്യാവിരുദ്ധ പ്രചാരണത്തിനുള്ള പാക്കിസ്ഥാന്‍റെ ഒടുവിലത്തെ ശ്രമമാണിതെന്ന് ജയ്സ്വാള്‍ പറഞ്ഞു.
Post Your Comments