കാണ്‍പൂര്‍ : അച്ഛനില്‍ നിന്നും പണം തട്ടിയെടുക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ നാടകം കളിച്ച പെണ്‍കുട്ടി പോലീസ് പിടിയിലായി. നോയിഡയിലെ പ്രശസ്തമായ ഒരു ഐടി കോളിജില്‍ പഠിക്കുന്ന കാണ്‍പുര്‍ സ്വദേശിനിയും മൂന്ന് സുഹൃത്തുക്കളുമാണ് പോലീസിന്റെ സമര്‍ഥമായ അന്വേഷണത്തില്‍ കുടുങ്ങിയത്. കഴിഞ്ഞദിവസം തന്നെ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് പെണ്‍കുട്ടി പിതാവിനെ ഫോണ്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മുറിയില്‍ മകളുടെ കരച്ചിലും 10 ലക്ഷം രൂപവേണമെന്ന ഭീഷണിയുമാണ് ലഭിച്ചതെന്ന് മുസ്കാന് അഗര്‍വാള്‍ എന്ന വിദ്യാര്‍ഥിനിയുടെ പിതാവ് ശിവ് അഗര്‍വാള്‍ അറിയിച്ചു.
പിടിയിലായ സുഹൃത്തുക്കള്‍ 20-24 വയസ് പ്രായമുള്ളവരാണ്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മക്കളാണ് ഇവരെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നും വാങ്ങിയ 4 ലക്ഷം രൂപ തിരിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു ഇവരുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം. 10 ലക്ഷം രൂപ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ അരമണിക്കൂറിനകം ട്രാന്‍സ്ഫര്‍ ചെയ്യാനായിരുന്നു നിര്‍ദ്ദേശം. ഭയന്നുപോയ പിതാവ് ഉടന്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യുകയും ഇതിനുശേഷം പോലീസില്‍ വിവിരം നല്‍കുകയും ചെയ്തു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ ഈ വാലറ്റ് വഴി മൂന്ന് ട്രാന്സാക്ഷന് നടത്തിയതായി വ്യക്തമായി. എടിഎം വഴിയാണ് ട്രാന്സാക്ഷന് നടന്നതെന്ന് ബോധ്യമായ പോലീസ് എടിഎമ്മിലെ സിസിടിവി ക്യാമറ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കണ്ടെത്തുകയായിരുന്നു. ഇവരെ പിടികൂടിയതോടെ തട്ടിപ്പുകള്‍ പുറത്തുവരികയും ചെയ്തു.
Post Your Comments