ന്യൂഡല്‍ഹി: പ്രമുഖ ചാനല്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക് സംപ്രേക്ഷണം ആരംഭിച്ചു. ആര്‍ജെഡി നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതെരെയുള്ള സ്റ്റിംഗ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാണ് ചാനല്‍ ഉദ്ഘാടനം നടത്തിയത്.
ജയിലില്‍ കഴിയുന്ന മുന്‍ ആര്‍ജെഡി എംപിയും മാഫിയാ തലവനുമായ ഷഹാബുദ്ദീന് ലാലുവുമായുള്ള അടുത്ത ബന്ധം വ്യക്തമാക്കുന്ന ടേപ്പ് ആയിരുന്നു റിപ്പബ്ലിക്കിന്റെ ബിഗ് ബ്രേക്കിങ് ന്യൂസ്.
45 ക്രിമിനല്‍ കേസുകളുള്ള ഷഹാബുദ്ദീന്‍ ജയില്‍വാസത്തിനിടെ ലാലുവുമായി ഫോണില്‍ സംസാരിക്കുന്നതും ലാലുവിന് നിര്‍ദേശങ്ങള്‍ നല്‍കുന്നതുമാണ് റിപ്പോര്‍ട്ടിലുള്ളത്. സിവാനിലെ പൊലീസ് വെടിവെയ്പ്പിനെകുറിച്ച് ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്യുന്നത് ചാനല്‍ പുറത്തുവിട്ടു.
ബീഹാറിലെ മദ്യനിരോധനത്തെ കൈക്കൂലി കൊടുത്ത് നേരിടുമെന്ന് ഷഹാബുദ്ദീന്‍ പറയുന്ന ടേപ്പുകളും റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ടു. പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷന്‍ റിപ്പോര്‍ട്ടില്‍ ‘ദിസ് ഈസ് റിപ്പബ്ലിക്’ എന്ന് പറയുന്നത് പ്രമുഖ നടന്‍ കമല്‍ ഹാസന്റെ ശബ്ദമാണ് എന്നത് മറ്റൊരു പ്രത്യേകതയാണ്.
ടൈംസ് നൗ വിട്ടാണ് ഗോസ്വാമി സ്വന്തം ചാനലുമായി എത്തിയത്. മറ്റ് മുന്‍നിര ഇംഗ്ലീഷ് ചാനലുകള്‍ക്കിടയില്‍ കടുത്ത മത്സരം നേരിട്ടാണ് റിപ്പബ്ലിക്കിന്റെ ആരംഭിച്ചിരിക്കുന്നത്.
Post Your Comments