തിരുവനന്തപുരം: വാക്സിന് ഇടപാടില്‍ ഒന്നരക്കോടിയോളം രൂപയുടെ നഷ്ടംവരുത്തിയ കേസില്‍ വിജിലന്‍സ് കോടതി ശിക്ഷിച്ച ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍മാർ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ആയതിൽ കോടതിക്ക് കടുത്ത അതൃപ്തി. ഡോക്ടർമാരെ ജയിലിൽ പോകാതെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത നടപടിയിൽ വിദഗ്ധപരിശോധന നടത്തി സ്വതന്ത്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ സംഘത്തോട് കോടതി നിര്‍ദേശിച്ചു.
ഡോക്ടർമാരെ ആദ്യം ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവരെ ചികിൽസിച്ച ഫോര്‍ട്ട് ആശുപത്രിയിലെ ഡോ. പ്രിയങ്ക, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.രാജശേഖരന് എന്നിവര്‍ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തോ എന്ന് കോടതി സംശയംപ്രകടിപ്പിച്ചു. വൈദ്യ പരിശോധനയും ചികിത്സയും ഉൾപ്പെടെ ഡോക്ടർമാർ ഒത്തുകളിച്ചെന്നു തെളിഞ്ഞാൽ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും കോടതി നല്കി.
കോടതി ശിക്ഷിച്ച ഡോക്ടർമാരെ മറ്റു ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഹൃദ്രോഗ തീവ്രപരിചരണ വിഭാഗത്തിലും മെഡിക്കല്‍ ഐ.സി.യുവിലും പ്രവേശിപ്പിച്ചതായി വഞ്ചിയൂര്‍ എസ്.ഐ അശോക്കുമാര് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ പരാമർശം.
Post Your Comments