ഇടുക്കി: വ്യാജ രേഖകൾ നൽകി ഭവനനിര്‍മാണ പദ്ധതിയിൽ ഗ്രാന്റ് കൈപ്പറ്റി വീട് നിര്‍മിക്കാതെയിരുന്നയാൾക്ക് ആറ് മാസം തടവും 2000 രൂപ പിഴയും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി. പള്ളിവാസൽ പഞ്ചായത്തിലെ പള്ളിവാസൽ സ്വദേശിയായ മുരുകനെയാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസൽ പഞ്ചായത്തിൽ മൈത്രി ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കുറ്റത്തിനാണ് പ്രതിയായ മുരുകനെ കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ആണ് ശിക്ഷ വിധിച്ചത്.
1998-2003 കാലഘട്ടത്തിൽ സർക്കാരിന്റെ ഗോൾഡൻ ജൂബിലി മൈത്രി ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് വീട് വയ്ക്കുന്നതിനുള്ള വ്യാജ രേഖകൾ മുരുകൻ ഹാജരാക്കി. 34,300 രൂപ ഗ്രാന്റ് കൈപ്പറ്റി. ശേഷം വീട് വയ്ക്കാതെ പണം തിരിമറി നടത്തി. ഈ കേസിലാണ് പ്രതിയായ മുരുകൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
ഇടുക്കി വിജിലൻസ് യൂണിറ്റ് മുൻ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം രാധാകൃഷ്ണൻ നായർ രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന എസ്. ബാലചന്ദ്രൻ നായർ വി വിജയൻ, ജോൺസൻ ജോസഫ്, കെ വി ജോസഫ് എന്നിവർ അന്വേഷണം നടത്തി. മുൻ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി റ്റി കൃഷ്ണൻ കുട്ടി കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ സരിത. വി.എ ഹാജരായി.
Post Your Comments