Latest NewsNewsGulf

സൗദിയില്‍ കനത്ത പരിശോധന : എംബസികള്‍ക്ക് സൗദിമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

റിയാദ്: ജൂലൈ ആദ്യവാരം മുതല്‍ നിയമ ലംഘകര്‍ക്കായുള്ള പരിശോധന ശക്തമാക്കുമെന്ന് റിയാദ് ജവാസാത്ത് മേധാവി സഫര്‍ മന്‍സൂര്‍ അല്‍ ദലീം വ്യക്തമാക്കി. നിയമ ലംഘകരില്ലാത്ത രാജ്യം എന്ന തല വാചകത്തില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ് അടുത്ത മാസം 29 ന് അവസാനിക്കാനിരിക്കെയാണ് ജവാസാത്തിന്റെ മുന്നറിയിപ്പ്. അവസരം പ്രയോജനപ്പെടുത്താന്‍ രണ്ട് മാസത്തോളം സമയമുണ്ട്. എന്നാല്‍ അവസാന ദിവസത്തേക്കായി കാത്ത് നില്‍ക്കരുത്. അനധികൃത താമസക്കാരെ കണ്ടെത്താന്‍ നിലവില്‍ പൊലീസ് പരിശോധന നടക്കുന്നുണ്ട്.
പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ പരിശോധന ശക്തമാക്കും. തൊഴില്‍ വകുപ്പും, പൊലീസും, ജവാസാത്തും ചേര്‍ന്നാണ് പരിശോധന നടത്തുക. സ്ഥാപനങ്ങളില്‍ സ്പോണ്‍സറുടെ കീഴിലാണോ ജോലി ചെയ്യുന്നതെന്ന് പരിശോധന ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. നിയമലംഘനം കണ്ടെത്തിയാല്‍ തൊഴിലാളിയും തൊഴിലുടമയും കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എക്‌സിറ്റ് വിസ തേടി സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കുന്നത്. രാവിലെ 8 മണി മുതല്‍ രാത്രി 9 മണി വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതിദിനം രണ്ടായിരം ആളുകളാണ് എക്‌സിറ്റ് വിസ നേടുന്നത്. നടപടിക്രമങ്ങള്‍ പരമാവധി വേഗത്തിലാക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും അമ്പതോളം ഉദ്യോഗസ്ഥര്‍ പല ഷിഫ്റ്റുകളായി ജോലിചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്‌ലൂബ് (പൊലീസ് കേസ് രേഖപ്പെടുത്തിയ സ്റ്റാറ്റസുള്ളവര്‍) പൊലീസ് ക്ലിയറന്‍സ് ഇല്ലാതെ മടക്കയാത്ര സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹജ്ജ് ഉംറ, സന്ദര്‍ശക വിസ തുടങ്ങിയ വിസകളില്‍ രാജ്യത്ത് പ്രവേശിച്ച് കാലാവധി തീര്‍ന്ന് കുടുങ്ങിയവര്‍ക്ക് വിമാനത്താവളം വഴി എക്‌സിറ്റ് ലഭ്യമാകും. പാസ്സ്‌പോര്‍ട്ടോ മറ്റ് രേഖകളോ ഇല്ലാത്തവരും ഹുറൂബ് (ഒളിച്ചോടിയെന്ന് തൊഴിലുടമ പരാതി നല്‍കിയ) സ്റ്റാറ്റസുള്ളവരും, സാധുവായ യാത്ര രേഖ ഇല്ലാത്തവരും എംബസിയില്‍ നിന്ന് ഔട്ട് പാസ് നേടിയിട്ടേ പാസ്‌പോര്‍ട്ട് വിഭാഗത്തെ സമീപിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button