ദുബായ്: ദുബായില്‍ സര്‍ക്കാര്‍മേഖലയിലെ ജീവനക്കാരികള്‍ക്ക് 90 ദിവസം പ്രസവാവധി അനുവദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവ് മാര്‍ച്ച് ഒന്നിന് മുന്‍കാലപ്രാബല്യത്തോടെയായിരിക്കും നിലവില്‍വരിക. മാത്രമല്ല ശമ്പളമില്ലാതെ അവധിക്കാലം പരമാവധി ഒരുമാസത്തേക്കുകൂടി നീട്ടാനും അവസരമുണ്ടാകും.
പ്രസവത്തിന് ഒരുമാസം മുമ്പോ, പ്രസവത്തോടെയോ 90 ദിവസത്തെ അവധി തുടങ്ങാവുന്നതാണ്. തുടര്‍ന്ന്, വാര്‍ഷിക അവധിയോ ശമ്പളമില്ലാത്ത അവധിയോ ഉള്‍പ്പെടുത്തി പരമാവധി 30 ദിവസത്തേക്കുകൂടി നീട്ടാം. കൂടാതെ എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിക്കുന്നതെങ്കില്‍ അമ്മയ്ക്ക് മൂന്നുവര്‍ഷംവരെ അവധിയെടുക്കാം. ആദ്യം ഒരുവര്‍ഷവും പിന്നീട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോടെ രണ്ടുവര്‍ഷത്തേക്ക് പുതുക്കുകയുമാണ് വേണ്ടത്.
ഇതിന് അതത് സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രം വേണം. 24 ആഴ്ചയ്ക്കുമുമ്പായി ഗര്‍ഭസ്ഥശിശു മരണപ്പെടുകയാണെങ്കില്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി രോഗാവധി എടുക്കാം. എന്നാല്‍, 24 ആഴ്ചയ്ക്കുശേഷമാണ് ശിശു മരിക്കുന്നതെങ്കില്‍ രണ്ടുമാസത്തെ അവധിയെടുക്കാം. ഇതിനും കൃത്യമായ സാക്ഷ്യപത്രം ഹാജരാക്കേണ്ടിവരും. പ്രസവാവധിക്കാലത്ത് അടിസ്ഥാനശമ്പളം മാത്രമേ ലഭിക്കൂ. വാരാന്ത്യ അവധികളും പൊതു അവധികളും ഇതില്‍ ഉള്‍പ്പെടും.
ഉത്തരവിൽ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍ ജീവനക്കാരികളുടെ മക്കള്‍ക്കായി നഴ്‌സറി തുടങ്ങാനും നിര്‍ദേശിക്കുന്നുണ്ട്. ഇത് നാലുവയസ്സിന് താഴെയുള്ള കുട്ടികളെ ഉദ്ദേശിച്ചാണ്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരികള്‍ക്കുമായി നാലുവയസ്സിനുതാഴെയുള്ള 20 കുട്ടികള്‍ ഉണ്ടെങ്കിലാണ് നഴ്‌സറി തുടങ്ങേണ്ടത്. അല്ലാത്തപക്ഷം രണ്ടോ മൂന്ന് സര്‍ക്കാര്‍സ്ഥാപനങ്ങള്‍ ചേര്‍ന്നുതുടങ്ങാം. സ്ഥാപനങ്ങളില്‍ മതിയായ സൗകര്യമില്ലെങ്കില്‍, മറ്റു സ്വകാര്യനഴ്‌സറികളെ കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കാവുന്നതുമാണ്.
ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചട്ടത്തിന് അംഗീകാരം നല്‍കിക്കൊണ്ട് ജനുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ശൈഖ് മുഹമ്മദ് അന്തിമാംഗീകാരം നല്‍കിയിരിക്കുന്നത്.
Post Your Comments