KeralaLatest NewsNews

ഉപദേശങ്ങൾ കേട്ട് മതിയായിട്ട് ഇപ്പോൾ സെൻകുമാറിനെ മുഖ്യമന്ത്രി നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

തിരുവനന്തപുരം: ഉപദേശങ്ങൾ കേട്ട് മതിയായിട്ട് ഇപ്പോൾ സെൻകുമാറിനെ മുഖ്യമന്ത്രി നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ടി പി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയാക്കിക്കൊണ്ടുള്ള ഉത്തരവ് ഉടന്‍ ഇറക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതായിട്ടാണ് പുതിയതായി പുറത്തു വരുന്ന റിപോർട്ടുകൾ. അവധി ദിനമാണെങ്കിലും മെയ് ഒന്നിനുതന്നെ ഇതുണ്ടായേക്കും എന്നാണ് സൂചന. പക്ഷെ ലോക്‌നാഥ് ബെഹ്‌റയെ ഏത് തസ്തികയില്‍ നിയമിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അറിയുന്നു. സുപ്രീംകോടതി വിധി വന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് നടപ്പാക്കാത്തതിനെതിരേ സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കോടതി ഇത് ചൊവ്വാഴ്ചയാണ് പരിഗണിക്കുക. അതിനു മുമ്പുതന്നെ സെന്‍കുമാറിനെ പോലീസ് മേധാവിയാക്കി തലയൂരാനാണ് സർക്കാർ ശ്രമിക്കുന്നത്.

സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിക്കുമ്പോള്‍ കോടതി രൂക്ഷ പരാമര്‍ശങ്ങളെന്തെങ്കിലും നടത്തിയാല്‍ സര്‍ക്കാരിന്റെ നിലനിൽപ്പിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിക്ക് പാര്‍ട്ടിയിലെ അടുത്ത സഹപ്രവര്‍ത്തകരില്‍ നിന്ന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന വിധി നേരിട്ട് ആഘാതമായി മാറിയ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി നളിനി നെറ്റോയും അദ്ദേഹത്തെ നിയമിക്കാതിരിക്കാനുള്ള വഴികള്‍ തേടുന്നുവെന്ന വിമര്‍ശനം പരക്കെയുണ്ട്. അതിനിടയിലാണ് സെന്‍കുമാര്‍ കോടതിയലക്ഷ്യത്തിനെതിരേ വീണ്ടും ഹര്‍ജി നല്‍കിയത്.

അതേസമയം ആദ്യത്തെ ഹര്‍ജിയില്‍ മുഖ്യമന്ത്രി എതിര്‍കക്ഷിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഹര്‍ജിയില്‍ മുഖ്യമന്ത്രിയെ ഉള്‍പെടുത്തിയിട്ടില്ല. ഈ മാന്യത തിരിച്ച് അദ്ദേഹത്തിനു നല്‍കണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കും മുന്നണിക്കുമുള്ളത്. നളിനി നെറ്റോ മാത്രമാണ് ഈ ഹര്‍ജിയിലെ എതിര്‍കക്ഷി. സെന്‍കുമാറിനെ നിയമിക്കുമ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ജേക്കബ് തോമസ് അവധിയില്‍ പോയപ്പോള്‍ അധികച്ചുമതല ബെഹ്‌റയ്ക്ക് നല്‍കിയിട്ടുണ്ട്. ജേക്കബ് തോമസിന്റെ അവധി ഞായറാഴ്ച കഴിയും. അദ്ദേഹം തിരിച്ചുവന്ന് ജോയിന്റ് ചെയ്യുമ്പോള്‍ ബെഹ്‌റ സ്ഥാനമൊഴിയണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button