ബെംഗളുരൂ; കര്‍ണാടക ബി.ജെ.പിയിലെ ഗ്രൂപ്പ് കളിയും സംഭവിച്ചേക്കാവുന്ന പിളര്‍പ്പും ഒഴിവാക്കാന്‍ ദേശീയ നേതൃത്വം നീക്കം തുടങ്ങി .
കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വത്തില്‍ ഗ്രൂപ്പുകളി തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുന്നതിനിടെ പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തി ദേശീയ നേതൃത്വം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയോടും എതിര്‍പക്ഷത്തുള്ള മുതിര്‍ന്ന നേതാവ് കെ.എസ് ഈശ്വരപ്പയോടും അനുഭാവം പ്രകടിപ്പിക്കുന്ന നാല് പാര്‍ട്ടി ഭാരവാഹികളെയാണ് ദേശീയ നേതൃത്വം പുറത്താക്കിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ തമ്മിലടി അവസാനിപ്പിക്കണമെന്ന സന്ദേശം നല്‍കുന്നതാണ് നേതൃത്വത്തിന്റെ അച്ചടക്ക നടപടി.
പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിച്ചേക്കാവുന്ന വിധത്തില്‍ ഗ്രൂപ്പ് കളി ശക്തമായ പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ രമ്യതയിലേക്ക് എത്തിക്കാന്‍ ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു ശനിയാഴ്ച്ച ബെംഗളൂരില്‍ എത്തിയിരുന്നു. തമ്മിലടിക്കുന്ന രണ്ട് വിഭാഗങ്ങളുമായി മുരളീധര്‍ റാവു ചര്‍ച്ചയും നടത്തി. ഇതിനുപിന്നാലെയാണ് വൈസ് പ്രസിഡണ്ടുമാരായ ഭാനുപ്രകാശ്, നിര്‍മ്മല്‍ കുമാര്‍ സുരന, രജിത മോര്‍ച്ച വൈസ് പ്രസിഡണ്ട് എം.പി രേണുകാചാര്യ, പാര്‍ട്ടി സംസ്ഥാന വക്താവ് ജി മധുസൂദനന്‍ എന്നിവരെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
യെദ്യൂരപ്പ ഉള്‍പ്പെടുന്ന ഔദ്യോഗികപക്ഷത്തിന്റെ മുന്നറിയിപ്പ് മറികടന്ന് പാര്‍ട്ടിയെ രക്ഷിക്കാനെന്ന പേരില്‍ ഈശ്വരപ്പ വിഭാഗം ഏപ്രില്‍ 27ന് സമ്മേളനം വിളിച്ചു കൂട്ടിയതോടെയാണ് സംസ്ഥാന ബി.ജെ.പിയിലെ തമ്മിലടി രൂക്ഷമായത്. സമ്മേളനത്തില്‍ ഈശ്വരപ്പക്കൊപ്പം ഭാനുപ്രകാശും നിര്‍മ്മല്‍ കുമാറും വേദി പങ്കിട്ടിരുന്നു. യെദ്യൂരപ്പയോട് അടുപ്പമുള്ള നേതാക്കളാണ് രേണുകാചാര്യയും, മധുസൂദനനും.
കണ്‍വെന്‍ഷന്‍ നടന്നതില്‍ പാര്‍ട്ടി ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പ്രസ്താവന പുറത്തിറക്കിയിരുന്നു. സമ്മേളനം വിളിച്ചു ചേര്‍ത്തത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് യെദ്യൂരപ്പ ആരോപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ടെന്ന നിലയിലുള്ള യെദ്യൂരപ്പയുടെ ഏകാധിപത്യ നിലപാടുകളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ എതിരാണെന്നാണ് ഈശ്വരപ്പയുടെ ആരോപണങ്ങള്‍.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായ തമ്മിലടി കേന്ദ്ര നേതൃത്വം ഗൗരവത്തിലെടുത്തിരിക്കുകയാണ്. ഇപ്പോഴത്തെ പുറത്താക്കലില്‍നിന്ന് പാഠം പഠിച്ചില്ലെങ്കില്‍ ശക്തമായ നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്.
Post Your Comments