തൊടുപുഴ: പാർട്ടി നടപടിയെ ഉൾക്കൊള്ളുന്നതായി മന്ത്രി എം.എം. മണി. പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്ക്കെതിരായ പരാമർശത്തിന്റെ പേരിൽ പാർട്ടി നൽകിയ പരസ്യമായ ശാസനയെന്ന നടപടി ഉൾക്കൊള്ളുന്നതായി മന്ത്രി എം.എം. മണി വ്യക്തമാക്കി.
താൻ ഇതുവരെ പിന്തുടർന്ന ശൈലി മാറ്റാനാകില്ല. എന്നാൽ വിവാദമുണ്ടാക്കില്ല. പാർട്ടി ശാസന ഉൾക്കൊള്ളുന്നു. പാർട്ടി എന്തു പറഞ്ഞാലും കേൾക്കും. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതായി പാർട്ടി വിലയിരുത്തിയിട്ടില്ല. എന്നാൽ വിവാദത്തിനു കാരണക്കാരൻ ആയതുകൊണ്ടാണു നടപടിയെന്ന് മണി കൂട്ടിച്ചേർത്തു.
സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് കോണ്‍ഗ്രസുകാര്‍ തനിക്ക് ക്ലാസെടുക്കേണ്ടതില്ല. ക്ലാസെടുത്താല്‍ അതിന് മറുപടിനല്‍കാന്‍ മലയാള ഭാഷയില്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധതയെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസുകാര്‍ക്ക് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
തന്റെ ജോലി രാഷ്ട്രീയവും സഹോദരന്റേത് ബിസിനസുമാണ്. സഹോദരന്റെ സ്വത്തിന്റെ പേരുപറഞ്ഞ് തന്റെമേല്‍ ആരോപണം ഉന്നയിക്കേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments