ന്യൂഡല്‍ഹി : പാകിസ്ഥാനും ചൈനയ്ക്കും ചുട്ട മറുപടി കൊടുക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇന്ത്യ. ഈ രണ്ട് അതിര്‍ത്തി രാജ്യങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ ഓരോ ദിവസവും പുതിയ കണ്ടെത്തലുകളും പരീക്ഷണങ്ങളുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ പൊക്രാനില്‍ വന്‍ പരീക്ഷണം നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേന. ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ നിര്‍ണായ പരീക്ഷണമാണ് പൊക്രാനില്‍ നടക്കുന്നത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനം സുഖോയ്-30 എംകെഐ യില്‍ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുക. വായുവില്‍ നിന്നു കരയിലേക്കാണ് മിസൈല്‍ വിക്ഷേപിക്കുക.
സാഹചര്യങ്ങള്‍ അനുകൂലമായാല്‍ സുഖോയ് യുദ്ധവിമാനത്തില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ പരീക്ഷണം മേയില്‍ തന്നെ നടക്കുമെന്നാണ് അറിയുന്നത്. സുഖോയ് 30 എംകെഐയില്‍ നിന്നുള്ള ബ്രഹ്മോസ് മിസൈല്‍ ട്രയല്‍ ഡ്രോപ്പ് നേരത്തെ നടത്തിയിരുന്നു. ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈല്‍ ഉപയോഗിച്ച് നേരത്തെ തന്നെ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡെമ്മി മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്. എന്ജിന്, സ്ഫോടന വസ്തുക്കള്‍ എന്നിവ ഇതില്‍ ഉണ്ടായിരുന്നില്ല.
സുഖോയില്‍ നിന്നു മിസൈല്‍ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈല്‍ വിക്ഷേപണത്തിനു ശേഷം എയര്‍ക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും നേരത്തെ വിലയിരുത്തിയിരുന്നു. യഥാര്‍ഥ വിക്ഷേപണത്തിനു മുന്‍പ് ഇക്കാര്യങ്ങള്‍ കൃത്യമായില്ലെങ്കില്‍ അപകടങ്ങള്‍ക്കു കാരണമാകാം.
Post Your Comments