യു.എസ് -ഉത്തര കൊറിയ രാജ്യങ്ങള്‍ തമ്മില്‍ പ്രതിസന്ധി ഉടലെടുത്തതോടെ മറ്റു ലോകരാജ്യങ്ങളെല്ലാം തങ്ങളുടെ സുരക്ഷയ്ക്കായി പ്രതിരോധ കവചങ്ങള്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ്. ഒരു ലോക മഹായുദ്ധം വീണ്ടും ഉണ്ടായാല്‍ അതിനെ പ്രതിരോധിക്കാനെന്ന നിലയിലാണ് പലരും മാരക ശേഷിയുള്ള അണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്നത്.
ആധുനികകാലത്ത് യുദ്ധം ജയിക്കാന്‍ മാരകശേഷിയുള്ള ആയുധങ്ങളല്ല മറിച്ച് ശത്രുവിനെ നിരായുധരാക്കുന്ന ശക്തിയേറിയ ഇലക്ട്രോണിക് ബോംബുകളാണ് വേണ്ടതെന്നാണ് റഷ്യന്‍ വാദം. ശത്രുസൈന്യത്തിന്റെ ഇലക്ട്രോണിക് വിനിമയ ബന്ധങ്ങളെ താറുമാറാക്കുന്നതിലൂടെ അതിവേഗ വിജയമായിരിക്കും സ്വന്തമാവുകയെന്നാണ് യുദ്ധകാര്യ വിദഗ്ധരും കരുതുന്നത്. അമേരിക്കന്‍ നാവികസേനയെ നോക്കുകുത്തികളാക്കാന്‍ ശേഷിയുള്ള അത്യാധുനിക ഇലക്ട്രോണിക് ബോംബുകളുണ്ടെന്നാണ് റഷ്യന്‍ അവകാശവാദം.
തങ്ങളുടെ സൈനികാഭ്യാസത്തിന്റെ ഭാഗമായി റഷ്യ തന്നെയാണ് ഇലക്ട്രോണിക് സിഗ്നലുകളെ തകരാറിലാക്കി ശത്രുസൈന്യത്തെ നിരായുധമാക്കുന്ന ഇലക്ട്രോണിക് ബോബുകളെ പ്രദര്‍ശിപ്പിച്ചത്. കോടികള്‍ ചിലവിട്ട് നിര്‍മിക്കുന്ന ആയുധങ്ങളേക്കാള്‍ ശത്രു സൈന്യത്തെ തകര്‍ക്കാന്‍ ഇത്തരം ആയുധങ്ങള്‍ക്കാകുമെന്നും റഷ്യ കരുതുന്നു. മറ്റൊരു വെളിപ്പെടുത്തലും റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. ഉത്തരകൊറിയയെ ഭീഷണിപ്പെടുത്തുന്നതിന്റെ ഭാഗമായി അമേരിക്ക അയച്ച യുദ്ധകപ്പലുകള്‍ റഷ്യന്‍ പോര്‍വിമാനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നുണ്ട് എന്നതാണ്.
റഡാറുകളെ കബളിപ്പിച്ചാണ് റഷ്യന്‍ പോര് വിമാനങ്ങള്‍ അമേരിക്കന്‍ നാവിക കപ്പലുകളെ നിരീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യം അമേരിക്ക അറിയാന്‍ സാധ്യത കുറവാണെന്നതും വെളിപ്പെടുത്തലിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. റഷ്യന്‍ പോര്‍വിമാനങ്ങളായ SU27ലാണ് Kihbiny എന്ന് വിളിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകളെ നിഷ്ചേതനമാക്കുന്ന ഉപകരണങ്ങളുള്ളത്. ശത്രുസൈന്യത്തിന്റെ ആയുധങ്ങളെ ഉപയോഗശൂന്യമാക്കുകയാണ് ഇത് ചെയ്യുന്നത്. മൂന്നാം ലോകമഹായുദ്ധം സംഭവിക്കുകയാണെങ്കില്‍ റഷ്യയുടെ പ്രധാന ആയുധവും ഈ ബോംബ് തന്നെയായിരിക്കും.
വിമാനങ്ങളില്‍ മാത്രമല്ല റഷ്യന്‍ ടാങ്കുകളിലും ഇത്തരം ഇലക്ട്രോണിക് സിഗ്നല്‍ ജാമിംഗ് സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ടാങ്കുകളെ തകര്‍ക്കാന്‍ വരുന്ന മിസൈലുകളെ വഴി തെറ്റിക്കാന്‍ പോലും സഹായിക്കുന്നു. ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള ബന്ധം വീണ്ടും വഷളായ സാഹചര്യത്തിലാണ് റഷ്യയുടെ ഈ പ്രതിരോധ വിവരങ്ങള്‍ പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയന്‍ അതിര്‍ത്തിയിലേക്ക് റഷ്യ വലിയ തോതില്‍ സൈനിക നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകളും ആശങ്കയ്ക്കിടയാക്കുന്നുണ്ട്.
ഉത്തരകൊറിയ സമീപഭാവിയില്‍ ആണവരാഷ്ട്രമാകുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. മൂന്ന് വര്‍ഷത്തിനുള്ളില്‍ 60 അണ്വയുധങ്ങള്‍ നിര്‍മിക്കുകയാണ് ഉത്തരകൊറിയയുടെ പദ്ധതിയെന്നാണ് കരുതപ്പെടുന്നത്. അമേരിക്കയുമായുള്ള യുദ്ധം ഭയപ്പെടുത്തുന്നില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന് തയ്യാറെടുക്കാനുള്ള ട്രംപിന്റെ ആഹ്വാനവും ലോകം മറ്റൊരു മഹായുദ്ധത്തിന്റെ വക്കിലാണെന്ന ഭീതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
Post Your Comments