ഇസ്ലാമാബാദ്•വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മതനിന്ദാപരമായ പരാമര്‍ശം നടത്തിയ യുവാവിനെ ജനക്കൂട്ടം പള്ളിയ്ക്കുള്ളില്‍ വച്ച് ആക്രമിച്ചു. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തുങ്ക്വ പ്രവിശ്യയിലെ ഒരു പള്ളിയിലാണ് സംഭവം.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് ശേഷം തനിക്ക് സംസാരിക്കാന്‍ അവസര ലഭിക്കാന്‍ യുവാവ് ഇമാമിനെ സമ്മര്‍ദ്ദം ചെലുത്തിയതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇയാള്‍ പ്രാര്‍ത്ഥനയ്ക്ക് കൂടിയവരുടെ ഇടയില്‍ നിന്നാണ് പരാമര്‍ശം നടത്തിയതെന്ന് ഒരു ദൃക്സാക്ഷി പറഞ്ഞു.
തുടര്‍ന്ന് വിശ്വാസികള്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചു. ഇയാളുടെ ജീവന് ഭീഷണിയുണ്ടാകുമെന്ന് കണ്ട് ഇമാം യുവാവിനെ പോലീസിന് കൈമാറുകയും ചെയ്തു.
ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ഉടന്‍, സംഘടിച്ചെത്തിയ ജനക്കൂട്ടം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് ആകാശത്തേക്ക് വെടിവെയ്പ്പും കണ്ണീര്‍ വാതക പ്രയോഗവും നടത്തി. കനത്ത വെടിവെപ്പില്‍ വൈദ്യുത കമ്പികള്‍ തകര്‍ന്നതിനാല്‍ പ്രദേശത്ത് വൈദ്യുതി വിതരണവും തടസപ്പെട്ടു.
പ്രവിശ്യയിലെ സര്‍വകലാശാലയില്‍ മാധ്യമ വിദ്യാര്‍ഥിയായിരുന്ന 23 കാരനെ മതനിന്ദ ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ സംഭവവും പുറത്തുവന്നിരിക്കുന്നത്.
Post Your Comments