ചെന്നൈ : ചുട്ടുപൊള്ളുന്ന സൂര്യനു കീഴില്‍ പാഠ പുസ്തകവുമായി മൂന്നാം ക്ലാസുകാരന് പ്രതിഷേധവുമായി റോഡില്‍ കുത്തിയിരുന്നു. തന്റെ ഗ്രാമത്തിലെ മദ്യശാല പൂട്ടിക്കാനാണ് ഏഴുവയുകാരനായ ആകാശ് ഒറ്റയാള്‍ പ്രതിഷേധത്തിനിറങ്ങിയത്. മൂന്നു മണിക്കൂറിനകം ആകാശിന്റെ പ്രതിഷേധം ഫലം കണ്ടു. മദ്യശാല മാറ്റാമെന്ന് അധികൃതര്‍ ഉറപ്പു നല്കി. സുപ്രീംകോടതി വിധിയോടെ പാതയോരത്തെ മദ്യശാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നതില്‍ തമിഴ്നാട്ടിലും ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. ചെന്നൈയിലെ ഗ്രാമപ്രദേശമായ പാഡൂരിലുള്ള മദ്യശാല അടച്ചുപൂട്ടാന്‍ പ്രദേശവാസികള്‍ പലവിധ പ്രതിഷേധങ്ങള്‍ നടത്തിയിട്ടും അധികൃതര്‍ കണ്ട മട്ടുനടിച്ചില്ല. ഒടുക്കം മൂന്നാം ക്ലാസില്‍ പഠിക്കുന്ന ആകാശ് രംഗത്തിറങ്ങുകയായിരുന്നു.
ചുട്ടുപൊള്ളുന്ന ചൂടും സഹിച്ച് മൂന്നു മണിക്കൂറോളം അവന് തന്റെ ഇരുപ്പ് തുടര്‍ന്നു. ഒടുക്കം ആകാശിന്റെ നിശ്ചയധാര്‍ഡ്യത്തിനു മുന്നില്‍ അധികൃതര്‍ക്കു വഴങ്ങേണ്ടിവന്നു. രണ്ടു മണിയോടെ മദ്യശാല പൂട്ടാമെന്ന ഉറപ്പ് അധികൃതര്‍ ആകാശിനു നല്കി. ഇതോടെ ആകാശ് സമരം നിര്‍ത്തി.
മറ്റു കുട്ടികളെപ്പോലെയാണ് തന്റെ മകനെന്നും ആകാശിന്റെ അച്ഛന് അനന്ദന് പറയുന്നു.”അവന് കളിക്കാനും കാര്‍ട്ടൂണ്‍ കാണാനും ഇഷ്ടപ്പെടുന്നവനാണ്. പക്ഷേ അതിനോടപ്പം സാമൂഹിക വിഷയങ്ങളില്‍ അവന് താത്പര്യം കാണിക്കും. കൂടുതല്‍ ആളുകളെ കൂട്ടി സമരം ചെയ്യാമെന്ന് ഞാന്‍ അവനോട് പറഞ്ഞതാണ്. പക്ഷേ അവരെയും പ്രശ്നത്തില്‍ ഉള്‍പ്പെടുത്താന്‍ താത്പര്യമില്ലെന്നായിരുന്നു അവന്റെ മറുപടി.”
ബുധനാഴ്ചയായിരുന്നു ആകാശിന്റെ വ്യത്യസ്ത പ്രതിഷേധം അരങ്ങേറിയത്. രാവിലെ 11.45ന് തന്റെ വീട്ടില്‍ നിന്നും പ്ലക്കാര്‍ഡും പിടിച്ച്, മുദ്രാവാക്യവും മുഴക്കി മദ്യശാലയിലേക്ക് ആകാശ് നടക്കാന്‍ തുടങ്ങി. ”കുടിയെ വിട്, പഠിക്ക് വിട്” എന്ന മുദ്രാവാക്യം പ്ലക്കാര്‍ഡും കയ്യിലേന്തിയിരുന്നു. ഒരു കിലോമീറ്ററോളം ദൂരം പിന്നിട്ടെത്തിയ ആകാശിനെ മദ്യശാലക്ക് മുന്നില്‍ വെച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്ന് റോഡിന് നടുവില്‍ ഇരുന്ന ഏഴു വയസ്സുകാരന് ചെറിയ കല്ലുകള്‍ കൂട്ടിവെച്ച് അതിനുള്ളില്‍ പ്ലക്കാര്‍ഡ് കുത്തി നിര്‍ത്തി ഉറക്കെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. കണ്ടുനിന്ന മാധ്യമപ്രവര്‍ത്തകര്‍ കുട്ടിക്കു ചുറ്റും കൂടി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആകാശ് മറുപടി നല്കി. ഇത് മദ്യശാലക്കുള്ള സ്ഥലമല്ലെന്നും കൃഷി ചെയ്യാനുള്ള ഭൂമിയാണെന്നും ഉറച്ച ബോധ്യത്തോടെ അവന് മറുപടി നല്കി. മദ്യത്തിന് വേണ്ടി കിട്ടുന്ന പണമെല്ലാം ചെലവാക്കുന്ന അച്ഛന്മാര് കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതാണ് സമരം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ആകാശ് വിശദീകരിച്ചു.
Post Your Comments