Latest NewsNewsIndiaUncategorized

ഫെയ്‌സ്ബുക്കിലൂടെ വിരിഞ്ഞ പ്രണയം കാമുകി കൈവിട്ടപ്പോള്‍ ജയിലിലെത്തിച്ചു; ഒടുവില്‍ തടവില്‍കഴിഞ്ഞുകൊണ്ടു തന്നെ പ്രണയിനിയെ സ്വന്തമാക്കി

ന്യൂഡല്‍ഹി: സിനിമയില്‍മാത്രമേ കാണൂ ഒരുപക്ഷേ ഇത്തരത്തില്‍ ഒരു പ്രണയവും വഞ്ചനയും പ്രതികാരവും ഒടുവിലത്തെ ശുഭാന്ത്യവുമൊക്കെ. എന്നാല്‍ സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന തരത്തില്‍ ജയില്‍ വാസത്തിനിടെ തന്റെ കാമുകിയുടെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയിരിക്കുകയാണ് ബിഹാര്‍ സ്വദേശി റിതേഷ്‌കുമാര്‍. അതും, തന്നെ ജയിലിലാക്കിയ കാമുകിയെതന്നെ.

സുദീപ്തികുമാരിയെന്ന 23 വയസുകാരിയാണ് കഥയിലെ പ്രതികാരദാഹിയായ നായിക. അഞ്ചുവര്‍ഷം മുന്‍പ് ആണ് ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. ആ പരിചയം പ്രണയമായി. ഇരുവരും പതിവായി പരസ്പരം കണ്ടുമുട്ടാന്‍ തുടങ്ങി. എന്‍ജിനീയറായ റിതേഷ് കഹല്‍ഗാവിലെ ദേശീയ തെര്‍മല്‍ പവര്‍ സ്റ്റേഷനിലാണ് ജോലി ചെയ്തിരുന്നത്. ഇതിനിടെ ഇരുവരും രഹസ്യമായി ക്ഷേത്രത്തില്‍വച്ച് വിവാഹിതരുമായി.

പിന്നീടാണ് ഇവരുടെ ഇടയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. തന്നെ നിയമപരമായിതന്നെ വിവാഹം കഴിക്കണമെന്ന് സുദീപ്തികുമാരി ആവശ്യപ്പെട്ടെങ്കിലും റിതേഷ് സമ്മതിച്ചില്ല. വിവാഹക്കാര്യം അറിഞ്ഞാല്‍ തന്റെ മാതാവ് ആത്മഹത്യചെയ്യുമെന്നായിരുന്നു റിതേഷിന്റെ നിലപാട്. ഇതോടെ റിതേഷ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് കാട്ടി സുദീപ്തി പോലീസില്‍ പരാതി നല്‍കി. സുദീപ്തി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളായിരുന്നതിനാല്‍ പട്ടികജാതിപീഡനത്തിനെതിരേയുള്ള വകുപ്പ് പ്രകാരമാണ് കേസ് വന്നത്. അതോടെ ശിക്ഷിക്കപ്പെട്ട് റിതേഷ് ജയിലിലായി.

സാധാരണഗതിയില്‍ കഥ ഇവിടംകൊണ്ട് തീരേണ്ടതാണ്. എന്നാല്‍ ഇവിടെ കഥ തുടര്‍ന്നു. താന്‍ കാരണം ജയിലിലായ റിതേഷിനോട് സുദീപ്തിക്ക് ദയ തോന്നി. റിതേഷിനെ ഇടയ്ക്കിടെ ജയിലില്‍ സുദീപ്തി സന്ദര്‍ശിക്കാനും തുടങ്ങി. ഈ സന്ദര്‍ശനത്തോടെ അവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. ഒരിക്കല്‍ തന്നെ വിവാഹം കഴിക്കാമോയെന്ന് റിതേഷ് ചോദിച്ചതിന് അനുകൂലമായിട്ടായിരുന്നു അവളുടെ മറുപടി. എല്ലാവരും അറിഞ്ഞ് നിയമപരമായി വിവാഹം കഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ജാമ്യത്തിനായുള്ള റിതേഷിന്റെ അപേക്ഷ കോടതി തള്ളി.

എന്നാല്‍ കോടതിയില്‍ വച്ച് വിവാഹം നടത്താന്‍ അനുവാദം കിട്ടി. അങ്ങനെ ഇന്നലെ റിതേഷ് ജയിലില്‍ നിന്ന് വിലങ്ങണിയിച്ച കൈകളുമായെ കോടതിമുറിയില്‍ വച്ച് സുദീപ്തിയെ വരണമാല്യം ചാര്‍ത്തി. വിവാഹശേഷം റിതേഷ് ജയിലേക്ക് മടങ്ങി. മാതാപിതാക്കള്‍ക്കൊപ്പം സുദീപ്തി വീട്ടിലേക്കും. ശിക്ഷകഴിയുന്നതോടെ പുതുജീവിതം ആരംഭിക്കാമെന്നു സ്വപ്‌നം കണ്ടുകഴിയുന്നു ഇപ്പോള്‍ നവദമ്പതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button