KeralaLatest NewsNews

മൂന്നാറില്‍ കുരിശുപൊളിച്ചതിനെ അഭിനന്ദിച്ച് മെത്രാന്‍

കൊച്ചി: മുന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ച ജില്ല ഭരണകൂടത്തിന്റെ നടപടിയെ പിന്തുണച്ച് മെത്രാന്‍. യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണ് സര്‍ക്കാര്‍ നടപടിയെ പ്രകീര്‍ത്തിച്ചത്.

മൂന്നാറില്‍ ആ കുരിശ് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച അദ്ദേഹം അവസാനം നമുക്ക് ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പുര്‍ണ്ണ രൂപം

ഒരു പഴയ സംഭവ കഥ ഓര്‍ക്കുന്നു. ഒരു ആഫ്രിക്കന്‍ രാജ്യത്ത് സുവിശേഷീകരണം നടത്താന്‍ കുറെ വെള്ളക്കാര്‍ ചെന്നു. കുറെ ആഫ്രിക്കക്കാരെ ഒരുമിച്ച് നിര്‍ത്തി അവരോട് കണ്ണടക്കാന്‍ പറഞ്ഞു. പ്രാര്‍ത്ഥന കഴിഞ്ഞു അവര്‍ കണ്ണു തുറന്നപ്പോള്‍ വെള്ളക്കാരുടെ കൈയ്യിലിരുന്ന ബൈബിള്‍ എല്ലാം ആഫ്രിക്കക്കാരുടെ കൈകളിലും ആഫ്രിക്കക്കാരുടെ കൈവശം ഉണ്ടായിരുന്ന ഭൂമി എല്ലാം വെള്ളക്കാരുടെ കൈയ്യിലുമായി. ബൈബിളും കുരിശും എല്ലാം പല കാലത്തും കോളനിവല്‍ക്കരണത്തിനും അധിനിവേശത്തിനുമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മറ്റൊരിടത്ത് ഞാന്‍ എഴുതിയതു പോലെ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഒരു സ്ഥലത്ത് തോമാഗ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയ്യേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ഉദിച്ചില്ല. ഈ അധിനിവേശ പാരമ്പര്യത്തിന്റെ ഏറ്റവും സമീപകാല ഉദാഹരണമാണ് മൂന്നാറിലെ കുരിശ് . ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും – മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button