Latest NewsKeralaNews

സിനിമാക്കാര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവന്‍ പിടിയില്‍ : ലിസ്റ്റില്‍ സിനിമ മേഖലയിലുള്ളവര്‍

കൊച്ചി: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലഹരി കേന്ദ്രങ്ങള്‍ ഉള്ളതും ലഹരി ഉപയോഗിക്കുന്നതും കൊച്ചിയിലാണെന്ന് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍.സിനിമാ മേഖലയിലെ ചില പ്രമുഖര്‍ക്കും ഡിജെ പാര്‍ട്ടിക്കാര്‍ക്കും മയക്കുമരുന്നുകള്‍ സ്ഥിരമായി എത്തിക്കുന്ന സംഘത്തലവന്‍ പിടിയിലായതോടെ കൊച്ചിയിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട ചില നിര്‍ണായക തെളിവുകള്‍ കണ്ടെത്തി. ഇതോടെ കൊച്ചി കേന്ദ്രീകരിച്ച് അഭിനേതാക്കള്‍ക്ക് ഉള്‍പ്പെടെ കൊക്കെയിനും ഹാഷിഷും എംഡിഎംഎയും ഉള്‍പ്പെടെ എത്തിക്കുന്നതിനെപ്പറ്റി പൊലീസ് കൂടുതല്‍ അന്വേഷണം തുടങ്ങി. ആരെല്ലാമാണ് സ്ഥിരമായി ഇതിന്റെ ആവശ്യക്കാര്‍ എന്നതും അന്വേഷിക്കുകയാണ് പൊലീസ്.

അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകരുമടക്കം സിനിമ മേഖലയിലുള്ളവര്‍ക്കും ഡി ജെ പാര്‍ട്ടി നടത്തിപ്പുകാര്‍ക്കും അറിയപ്പെടുന്ന പ്രമുഖര്‍ക്കും വിലകൂടിയ മയക്കുമരുന്നുകള്‍ എത്തിച്ചുനല്‍കിയിരുന്ന അന്തര്‍ സംസ്ഥാന മയക്കുമരുന്നുകടത്തല്‍ സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. വന്‍വില കൊടുത്ത് സിനിമാലോകത്തുള്‍പ്പെടെ പലരും വാങ്ങുന്ന എക്സ്റ്റസി (ഉന്മാദലഹരി) എന്ന വിളിപ്പേരുള്ള എംഡിഎംഎ ഉള്‍പ്പെടെയാണ് പിടികൂടിയിട്ടുള്ളത്.

കൊച്ചി കുമ്പളം ബ്ലായിത്തറ സനീഷിനെയാണ് (32) തന്ത്രപൂര്‍വം കൊച്ചി കുണ്ടന്നൂരില്‍ നിന്നും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള 47 ഗ്രാം എംഡിഎംഎ, മൂന്നുഗ്രാം ദ്രവരൂപത്തിലുള്ള എംഡിഎംഎ, പതിനൊന്നുഗ്രാം കൊക്കെയിന്‍, 230 ഗ്രാം ഹാഷിഷ്, ഇവ തൂക്കാനുപയോഗിക്കുന്ന മൊബൈല്‍ രൂപത്തിലുള്ള ത്രാസ്, അനുബന്ധ ഉപകരണങ്ങള്‍, 12, 600 രൂപയും എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി ഐ സജീ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളില്‍ നിന്നും കണ്ടെടുത്തു.

ഇയാള്‍ അധികൃതരോട് വെളിപ്പെടുത്തിയ വിവരങ്ങള്‍ ന്യൂജന്‍ സിനിമാക്കാര്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്നുള്ള വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണെന്നാണ് ലഭ്യമായ വിവരം. സനീഷ് സഞ്ചരിച്ചിരുന്ന പതിനഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന ഹുണ്ടായ് ക്രേറ്റ കാറും അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് അന്‍പത് ലക്ഷത്തോളം രൂപ വിലമതിക്കുമെന്നാണ് എക്സൈസ് സംഘത്തിന്റെ ഏകദേശ വിലയിരുത്തല്‍. എക്സൈസ് ഇത്തരത്തില്‍പ്പെട്ട മയക്കുമരുന്ന് പിടികൂടുന്നത് ഇത് ആദ്യമാണെന്നാണ് അധികൃതരുടെ സ്ഥരീകരണം.

ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുകയും എംഡിഎംഎ ഉപയോഗിക്കുകയും ചെയ്തിരുന്ന യുവാക്കളില്‍ ചിലരെ രണ്ടാഴ്ചയോളം നീരീക്ഷിച്ചശേഷം ഇവരില്‍ ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ഇയാളെക്കൊണ്ട് സനീഷിനെ വിളിച്ചുവരുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നെന്നാണ് എക്സൈസ് സംഘത്തിന്റെ വെളിപ്പെടുത്തല്‍.

കൊക്കെയിനിനും ഹാഷീഷിനും ഗ്രാമിന് 5000 മുതല്‍ 6000 രൂപവരെയാണ് ചില്ലറ വില്‍പ്പനക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ 100 മില്ലിഗ്രാമിന് 5000 മുതല്‍ 6500 രൂപവരെ ഇയാള്‍ ഈടാക്കിയിരുന്നെന്നും ഇതേ അളവിന് മോഹവില 11000 രൂപവരെ ഉണ്ടെന്നും ചെറിയ പഞ്ചസാര കട്ടയില്‍ ഒരുതുള്ളി ദ്രവരൂപത്തിലുള്ള എംഡിഎംഎ ഒറ്റിച്ച് നല്‍കുമ്പോള്‍ ഇയാള്‍ 1500 രൂപവരെ വാങ്ങിയിരുന്നെന്നുമാണ് അധികൃതരോട് വെളിപ്പെടുത്തിയിട്ടുള്ളത്.

കിസ്റ്റല്‍-ദ്രവരൂപത്തിലുള്ള എംഡിഎംഎ കുറഞ്ഞ അളവില്‍ ഒരുതവണ ഉപയോഗിച്ചാല്‍ കെട്ടുവിടാന്‍ മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് വെളിപ്പെടുത്തലെന്നും അധികൃതര്‍ വ്യക്തമാക്കി. എംഡിഎംഎ ഉപയോഗിക്കുന്നത് ഏറെയും ഉന്നത സാമ്പത്തിക നിലവാരത്തില്‍ കഴിയുന്നവരാണെന്നും സിനിമ ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇയാളുടെ പ്രധാന വല്‍പ്പന കേന്ദ്രമായിരുന്നെന്നും ഉദ്യോഗസ്ഥ സംഘത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും കയ്യോടെ പിടികൂടുന്നതിന് ഇത്തരം കേന്ദ്രങ്ങള്‍ ശക്തമായി നിരീക്ഷിക്കുന്നതിനും അധികൃതര്‍ കര്‍മ്മപദ്ധതി തയ്യാറാക്കിയെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ എം കെ നാരായണന്‍ കുട്ടിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ബെന്നി ഫ്രാന്‍സിസിന്റെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണമാണ് ഗോവ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വില്‍പ്പന സംഘത്തിലെ പ്രധാനിയായ ഇയാളെ കുടുക്കാന്‍ സഹായകമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button