നദി നാലു ദിവസം കൊണ്ട് അപ്രത്യക്ഷമായി. കാനഡയിലെ സ്ലിംസ് നദിയാണ് ആഗോള താപനത്തിന്റെ ഫലമായുള്ള പാരിസ്ഥിതിക മാറ്റത്തിനിരയായത്. കാനഡയിലെ ഏറ്റവും വലിയ മഞ്ഞുമലയായ കാസ്കാവുല്‍ഷ് അതിവേഗത്തില്‍ ഉരുകിമാറിയതാണ് സ്ലിംസ് നദി ഗതിമാറിയൊഴുകാന്‍ ഇടയാക്കിയത്. 2016 മെയ് 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലുണ്ടായ വലിയ ഉഷ്ണവാതമാണ് അതിവേഗതയില്‍ മഞ്ഞുരുകലിന് ഇടയാക്കിയത്. മഞ്ഞുമലയില്‍നിന്ന് ഒഴുകുന്ന സ്ലിംസ് നദിയില്‍ ഇത് വന്‍തോതിലുള്ള ജലപ്രവാഹത്തിനു കാരണമാകുകയും നദിയുടെ ദിശ തന്നെ മാറിപ്പോവുകയും ചെയ്തു.
ഗവേഷണത്തിന്റെ ഭാഗമായി സ്ലിംസ് നദിയില്‍ നടത്താറുള്ള നിരീക്ഷണത്തിനിടയിലാണ് നദി പതിവില്ലാത്തവിധം വരണ്ടുണങ്ങിയതായി ഗവേഷകരുടെ ശ്രദ്ധയില്‍ പെട്ടത്. ചിലയിടങ്ങളില്‍ അരുവിപോലെയാണ് ജലമുള്ളത്. മറ്റിടങ്ങളില്‍ അതുമില്ല. പൊടുന്നനെയുണ്ടായ ഈ മാറ്റത്തിനു കാരണമന്വേഷിച്ചപ്പോഴാണ് നദിയുടെ ഗതിമാറ്റം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഇല്ലിനോയിസ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജയിംസ് ബെസ്റ്റ് പറയുന്നു. നദിയ്ക്ക് എന്താണ് സംഭവിച്ചതെന്നറിയാനായി ഗവേഷകര്‍ക്ക് ഹെലികോപ്റ്ററില്‍ സഞ്ചരിച്ച് ചിത്രങ്ങളെടുക്കുകയും ഡ്രോണുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടിവന്നു. സ്ലിംസ് വറ്റിവരണ്ടത് ആ നദിയുമായി ബന്ധപ്പെട്ടു കിടക്കുന്ന പരിസ്ഥിതി ഘടകങ്ങളെയും ആവാസവ്യവസ്ഥയെയും മാറ്റിമറിച്ചിട്ടുണ്ട്. സമീപ ഭൂതകാലത്തൊന്നും ഇത്തരമൊരു പ്രതിഭാസം രേഖപ്പെടുത്തപ്പെട്ടതായി അറിവില്ലെന്ന് ഗവേഷകര്‍ പറയുന്നു.
നൂറ്റാണ്ടുകളായി സ്ലിംസ് നദി ഒഴുകിക്കൊണ്ടിരുന്നതിന് ആയിരക്കണക്കിന് കിലോമീറ്റര്‍ മാറി, വിപരീത ദിശയില്‍ ഒഴുകിത്തുടങ്ങി. വടക്കുള്ള ബെറിങ് കടലിലേയ്ക്ക് ഒഴുകിയിരുന്ന നദി, തെക്ക് ഭാഗത്തുള്ള ക്ലുവാന്‍ തടാകത്തിലേയ്ക്കും അവിടെനിന്ന് ആല്‍സെക് നദിയോടു ചേര്‍ന്ന് അലാസ്കയിലൂടെ പസഫിക് സമുദ്രത്തിന്റെ മറ്റൊരുഭാഗത്തേയ്ക്കുമാണ് ഇപ്പോള്‍ ഒഴുകുന്നത്. ആഗോള താപനത്തിന്റെ പരിണിതഫലമായാണ് ഈ സംഭവത്തെ ഗവേഷകര്‍ രേഖപ്പെടുത്തുന്നത്. ഹിമപാളിയുടെ അതിവേഗത്തിലുള്ള ഉരുകലിനെക്കുറിച്ചും സ്ലിംസ് നദിയുടെ ഗതിമാറ്റത്തെക്കുറിച്ചും പഠിച്ച ഗവേഷക സംഘത്തിന്റെ പഠന റിപ്പോര്‍ട്ട് ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചറില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അപൂര്‍വ്വ പ്രതിഭാസം മൂലം ജലമൊഴുകുന്ന മേഖലകളിലുള്ള മറ്റു നദികളെയും തടാകങ്ങളെയും കാര്യമായി ബാധിച്ചിട്ടുള്ളതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ക്ലുവേന്, യൂകോണ്‍ എന്നീ നദികളിലെ ജലപ്രവാഹത്തെ സ്വാധീനിക്കുകയും ഈ നദികളുമായി ബന്ധപ്പെട്ടു കിടക്കുന്ന പാരിസ്ഥിതിക ഘടകങ്ങളില്‍ വലിയ മാറ്റമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ നദീതടങ്ങളില്‍നിന്ന് വന്‍ തോതില്‍ എക്കല്‍ ഒഴുകിപ്പോകുന്നതിന് ഇത് ഇടയാക്കിയിട്ടുണ്ട്.
Post Your Comments