ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡിലെ മഞ്ഞിന്‍പാളികളില്‍ നീളന്‍ വിള്ളല്‍. ദ്വീപിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ പീറ്റര്‍മെന്‍ ഹിമാനി(glacier)യില്‍ കണ്ടെത്തിയ വിള്ളലിന്റെ ഫോട്ടോകളും വീഡിയോകളും കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടു. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു വിള്ളല്‍ പീറ്റന്‍മെനില്‍ രൂപപ്പെടുന്നത്. സാധാരണയായി ഹിമാനിയുടെ വശങ്ങളിലാണ് വിള്ളലുകളുണ്ടാവുക പതിവ്. എന്നാല്‍ പീറ്റര്‍മെനിന്റെ മധ്യഭാഗത്തായാണ് നാസയുടെ ‘ഓപറേഷന്‍ ഐസ്ബ്രിഡ്ജ്’ സംഘം വിള്ളല്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ കാരണമെന്താണെന്നറിയാതെ തലപുകയ്ക്കുകയാണ് ഗവേഷകര്‍. മാത്രവുമല്ല ഹിമാനിയുടെ കിഴക്കു വശത്ത് നേരത്തേ മുതലുള്ള മറ്റൊരു വിള്ളല്‍ മധ്യഭാഗത്തേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങളില്‍ രണ്ടു വിള്ളലുകളും വ്യക്തവുമാണ്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ അത് സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതവും മനുഷ്യനു സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും ഏറെ വലുതായിരിക്കും.
പീറ്റര്‍മെന്റെ കാര്യത്തില്‍ അത്രയേറെ ആശങ്കയുളവാകുന്നതിനുമുണ്ട് കാരണം. ഗ്രീന്‍ലാന്‍ഡിന്റെ വടക്കു-പടിഞ്ഞാറ് ഭാഗത്തായാണ് ഈ കൂറ്റന്‍ ഹിമാനിയുടെ സ്ഥാനം. ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റിനെ ആര്‍ടിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നത് പീറ്റര്‍മെന്നാണ്. ഗ്രീന്‍ലാന്‍ഡിന്റെ ഉപരിതലത്തിലെ 80 ശതമാനം ഭാഗവും ചേര്‍ന്നതാണ് ഗ്രീന്‍ലാന്‍ഡ് ഐസ് ഷീറ്റെന്നോര്‍ക്കണം.17.1 ലക്ഷം ചതുരശ്രകിലോമീറ്ററിലാണ് ഈ മഞ്ഞുപാളി വ്യാപിച്ചു കിടക്കുന്നത്. അതിനെ ആര്‍ടിക് സമുദ്രവുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ഭാഗത്തിന് തകര്‍ച്ച നേരിട്ടാല്‍ അത് ദുരന്തമായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!
എന്നാല്‍ തത്കാലത്തേക്ക് പേടിക്കേണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ ഇനി വളരില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ രണ്ട് വിള്ളലുകളും കൂടിച്ചേരാനുള്ള സാധ്യതയും വളരെ കുറവാണ്. പക്ഷേ വിള്ളല്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടു എന്നറിയേണ്ടത് അത്യാവശ്യമാണ്. കാരണം സമാനരീതിയിലുള്ള വിള്ളല്‍ ഇനിയുമുണ്ടായാല്‍ പീറ്റര്‍മെന്‍ പിളര്‍ന്ന് മഞ്ഞുമലകള്‍ കപ്പല്‍ച്ചാലുകളിലേക്കൊഴുകുമെന്നത് ഉറപ്പായ കാര്യം.
നെതര്‍ലന്‍ഡ്‌സിലെ സാങ്കേതിക സര്‍വകലാശാല പ്രഫസറായ സ്റ്റെഫ് ലെര്‍മിറ്റാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ വിശകലനം ചെയ്ത് ഗ്രീന്‍ലാന്‍ഡിലെ അസാധാരണ വിള്ളലിനെപ്പറ്റി നാസയ്ക്ക് ആദ്യം വിവരം നല്‍കിയത്. തുടര്‍ന്ന് നാസ ഓപറേഷന്‍ ഐസ്ബ്രിഡ്ജ് സംഘത്തെ ഇവിടേക്കയക്കുകയായിരുന്നു. ഗ്രീന്‍ലാന്‍ഡിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുമലകള്‍ രൂപപ്പെടുന്നതിന്റെയും രൂപം മാറുന്നതിന്റെയും അവസ്ഥകള്‍ പഠിക്കാന്‍ തയാറാക്കിയ പദ്ധതിയാണ് ഓപറേഷന്‍ ഐസ്ബ്രിഡ്ജ്.
2010ലും 2012ലും വമ്പന്‍ ഭാഗങ്ങള്‍ പീറ്റര്‍മെന്‍ ഹിമാനിയില്‍ നിന്ന് ഇളകിപ്പോന്നിട്ടുണ്ട്. 2010 ഓഗസ്റ്റില്‍ പൊട്ടിയടര്‍ന്ന മഞ്ഞുമലയ്ക്ക് മാന്‍ഹട്ടന്‍ നഗരത്തിന്റെ ഇരട്ടിവലുപ്പമുണ്ടായിരുന്നു. അത് യുഎസ് കോണ്‍ഗ്രസില്‍ വരെ ചര്‍ച്ചയായി. ഇത്തവണ വിള്ളലുണ്ടായാല്‍ അത് മാന്‍ഹട്ടനോളം പോന്ന മഞ്ഞുമലയെയായിരിക്കും കടലിലേക്കൊഴുക്കി വിടുകയെന്നും വിദഗ്ധര്‍ കണക്കുകൂട്ടി മുന്നറിയിപ്പു നല്‍കുന്നു. ഒപ്പം അത് വന്‍ അപകടമാണെന്ന സൂചനയും!
Post Your Comments