ഭുവനേശ്വര്‍: അനുകൂലമായ നിരവധി രേഖകള്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് കോടതിക്കു മുമ്പാകെയുണ്ടെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇത് സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭുവനേശ്വറില്‍ നടക്കുന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിനെത്തിയാതായിരുന്നു രവിശങ്കര്‍ പ്രസാദ്. മാധ്യമങ്ങളെ സംബോധന ചെയ്തു സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിന് നിയമപരമായ സാധുത നല്‍കുന്ന നിരവധി തെളിവുകളുണ്ട്. നിയമ വിദഗ്ധന്‍ എന്ന നിലയില്‍ തനിക്ക് ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ദീര്‍ഘകാലമായുള്ള കാര്യപരിപാടിയാണ് അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുക എന്നത്. ഇക്കാര്യത്തില്‍ കോടതിയുടെ തീരുമാനമാണ് തങ്ങള്‍ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിക്ക് എതിരായി അഖിലേഷ് യാദവും മായാവതിയും ചേര്‍ന്ന് സഖ്യം രൂപീകരിക്കുന്നന്നതിനെയും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു. അവര്‍ നിരാശരാണ്. ബിജെപിയെ അവര്‍ ഭയപ്പെടുന്നു എന്നാണ് സഖ്യനീക്കം കാണിക്കുന്നത്. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിക്കുന്നവെന്നാണ് ജനവിധി തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments