ലക്നൗ : ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്കുണ്ടായ കനത്ത തോല്‍വിക്ക് കാരണം കണ്ടെത്തി മുലായം സിങ്. അഖിലേഷ് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ എടുത്തു കാണിക്കുന്നതിന് പകരം മാധ്യമങ്ങള്‍ കുടുംബ വഴക്കിനെ എടുത്തു കാണിക്കുകയാണ് ചെയ്തതെന്ന് മുലായം പറയുന്നു. മാധ്യമങ്ങള്‍ എസ്പിയിലെ കുടുംബ വഴക്കിനാണ് പ്രാധാന്യം നല്‍കിയത്. എസ്പി ഭരണകാലത്തെ അരാജകത്വം മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നെങ്കില്‍ മറ്റ് പാര്‍ട്ടികളിലെ അരാജകത്വവും ഉയര്‍ത്തിക്കാട്ടേണ്ടി വരുമായിരുന്നു- മുലായം പറയുന്നു.
തിരഞ്ഞെടുപ്പില്‍ എസ്പിക്ക് 47 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ. പാര്‍ട്ടി നേതാവെന്ന തന്റെ പദവി അര്ഥമില്ലാതായിരിക്കുകയാണെന്നും മുലായം പറയുന്നു. പാര്‍ട്ടിയുടെയും ജനങ്ങളുടെയും താത്പര്യം അനുസരിച്ചായിരിക്കും തന്റെ അടുത്ത ചുവടുവയ്പ്പെന്നും മുലായം പറയുന്നു. ചല് മോദി, ചല് മോദി എന്ന് പറഞ്ഞ് ബിജെപി ഉത്തര്‍പ്രദേശിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും മുലായം പറയുന്നു. അങ്ങനെ ജനങ്ങള്‍ ബിജെപിക്കൊപ്പം പോയെന്നും മുലായം പറയുന്നു.
അതേസമയം മുലായത്തിന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. എസ്പിയുടെ പരാജയം ഉള്‍ക്കൊള്ളാന്‍ മുലായത്തിന് സാധിച്ചിട്ടില്ലെന്ന് ബിജെപി പറഞ്ഞു. ജനങ്ങളുടെ വിവേകത്തെ മുലായം സംശയിക്കുകയാണെന്നും ബിജെപി വ്യക്തമാക്കി. 2014ല്‍ ബിജെപി വിജയിച്ചപ്പോഴും മുലായം സമാന പ്രതികരണം നടത്തിയതായി ബിജെപി പറഞ്ഞു.
Post Your Comments