ദോഹ: ലോകകപ്പ് ക്വാർട്ടർ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ. ഷൂട്ടൗട്ടിൽ ക്രൊയേഷ്യ നാലു തവണ വല ചലിപ്പിച്ചപ്പോൾ ബ്രസീലിന്റെ രണ്ടു താരങ്ങൾ കിക്ക് പാഴാക്കി. റോഡ്രിഗോയും മാർക്വിനോസുമാണ് കിക്ക് നഷ്ടപ്പെടുത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയാണ് ആദ്യ കിക്കെടുത്തത്. നിക്കോളാസ് വ്‌ളാസിച് പന്ത് വലയിലാക്കിയപ്പോൾ ബ്രസീൽ താരം റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോളി തടുത്തു.
പിന്നീട് നികോള വ്‌ളാസിചും ഗോൾ നേടി. കാസിമിറോയും കിക്ക് വലയിലെത്തിച്ചു. തുടർന്ന് വന്ന മോഡ്രിച്ചും ഗോളാക്കി. പിന്നീട് വന്ന പെഡ്രോ ബ്രസീലിന് ആശ്വാസമേകിയപ്പോൾ ഒർസിച് സമ്മർദ്ദം അതിജീവിച്ച് ക്രൊയേഷ്യക്ക് അടുത്ത ഗോൾ നേടി. എന്നാൽ അടുത്ത ക്വിക്കെടുത്ത മാർക്വിനോസിന് ടീമിന്റെ പ്രതീക്ഷകൾ കാക്കാനായില്ല.
നെയ്മറിന്റെ ഗോളിൽ അധിക സമയത്തിൽ ലീഡെടുത്ത ബ്രസീലിനെതിരെ ക്രൊയേഷ്യ തിരിച്ചടിക്കുകയായിരുന്നു. അധിക സമയത്തിൽ 117ാം മിനുട്ടിലാണ് ബ്രൂണോ പെറ്റ്‌കോവിച്ചിലൂടെ ക്രൊയേഷ്യ സമനില നേടിയത്. ഒർസിചാണ് ഗോളിലേക്ക് അസിസ്റ്റ് നൽകിയത്. നേരത്തെ 106ാം മിനുട്ടിൽ ലൂകസ് പക്വറ്റയുടെ അസിസ്റ്റിൽ നിന്നാണ് നിർണായക ഗോൾ നെയ്മർ നേടിയത്.
രണ്ടാം പകുതിയും ഗോൾരഹിത സമനിലയിലായിരുന്നു. തുടർന്ന് അധിക സമയത്തിന്റെ ഒന്നാം പകുതിയിലാണ് നെയ്മറിന്റെ ഗോൾവേട്ട. എട്ടു സേവുമായി ക്രൊയേഷ്യൻ ഗോളി ഡൊമിനിക് ലിവകോവിച്ചാണ് ബ്രസീലിന്റെ പരാജയത്തിന് ഇടയാക്കിയത്.
Post Your Comments